• admin

  • November 3 , 2022

കല്‍പ്പറ്റ : വന്യമൃഗശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കൊണ്ട് നാളെ ( നവംബര്‍ നാലിന് ) രാവിലെ 10 മണിക്ക് ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് ഡി സി സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് പ്രതിപക്ഷനേതാവ് അഡ്വ. വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം. നിയാസ്, കെ.കെ. അബ്രഹാം, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.എല്‍. പൗലോസ്, മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക് കാട്ടാനകളുടെയും കടുവകളുടെയും ആക്രമണത്തില്‍ ഇരുപതിലധികം പേര്‍ക്കാണ് വയനാട്ടില്‍ മാത്രം ജീവന്‍ നഷ്ടമായത്. അതില്‍ പകുതിയിലധികവും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും, ബാക്കി നാമമാത്ര കര്‍ഷകരുമാണ്. വിവിധ വന്യജീവി ആക്രമണങ്ങളില്‍ നൂറിലധികം ആളുകള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. നൂറോളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടു. കര്‍ഷകരുടെ ജീവനോപാധിയായ 800 ലധികം കറവുമാടുകള്‍ക്കും കന്നുകാലികള്‍ക്കും ജീവഹാനി സംഭവിച്ചു. 60000-ലധികം കര്‍ഷകര്‍ക്ക് കൃഷിനാശം സംഭവിച്ചു. നൂറോളം ആളുകള്‍ക്ക് മറ്റ് വിവിധ തരത്തിലുള്ള സ്വത്തുക്കള്‍ നഷ്ടമായി. ഇത് ഇപ്പോഴും തുടര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായി ഈ ആക്രമണങ്ങള്‍ തടയുന്നതിനുള്ള നടപടികളില്ലെന്നും നേതാക്കള്‍ പറഞ്ഞു. കാടും നാടും വേര്‍തിരിച്ച് വന്യമൃഗങ്ങള്‍ മനുഷ്യവാസ സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി വനാതിര്‍ത്തികളില്‍ അതാത് പ്രദേശത്തിന് അനുയോജ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, വന്യജീവി ആക്രമണങ്ങളില്‍ പരിക്ക് പറ്റുകയും ജീവഹാനി സംഭവിക്കുകയും ചെയ്യുന്ന കേസുകളില്‍ നഷ്ടപരിഹാരം കണക്കാക്കുന്നതിന് മോട്ടോര്‍ വാഹന അപകട ക്ലെയിം ട്രിബൂണല്‍ പോലെ പ്രത്യേക ട്രിബ്യുണല്‍ നിയമം മുഖേന സ്ഥാപിക്കുക. വിളനാശം, കൃഷിനാശം, വീടുകളും മറ്റ് കെട്ടിടങ്ങളും എന്നിവയുടെ നഷ്ടം എല്‍.എ.ആര്‍.ആര്‍. ആക്ട് പ്രകാരം നല്‍കപ്പെടുന്ന നഷ്ടപരിഹാര തുകയുടെ തുല്യമാക്കി കൊടുക്കുന്നതിന് നിയമ രൂപീകരണം നടത്തുക, വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരവും പ്രവര്‍ത്തിക്കാനുതകുന്ന തരത്തില്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ തലത്തില്‍ 50 ആളുകളെങ്കിലും ഉള്ള കോര്‍ ഗ്രൂപ് രൂപീകരിക്കുകയും ഇതിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ മാന്യമായ രീതിയില്‍ ഹോണറേറിയം നല്‍കുന്നതിന് നടപടിയുണ്ടാകുക, വനവിസ്തൃതിക്ക് അനുസരിച്ച് ശാസ്ത്രീയമായ അധിവസിക്കാന്‍ കഴിയുന്ന എണ്ണത്തിലധികം വന്യമൃഗങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയോ ഇതരമാര്‍ഗങ്ങളിലൂടെ എണ്ണം നിയന്ത്രിക്കുകയോ ചെയ്യുക, വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് മുന്‍കൈയെടുക്കേണ്ട ഫോറസ്റ്റ് ജീവനക്കാര്‍ക്ക് സ്വയം സംരക്ഷണത്തിനാവശ്യമായ ആയുധങ്ങള്‍ ആവശ്യാനുസരണം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യു ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം, യു ഡി എഫ് കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, വി എ മജീദ് എന്നിവര്‍ പങ്കെടുത്തു.             ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ കല്‍പ്പറ്റ: വന്യമൃഗശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2019ന് ശേഷം നഷ്ടപരിഹാരം നല്‍കിയിട്ടില്ല. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ മാത്രം അമ്പതോളം തവണ കടുവകളെ പിടികൂടാന്‍ നീക്കം നടന്നിട്ടുണ്ട്. കൂട് സ്ഥാപിക്കുന്നതും, തിരച്ചിലും, മയക്കുവെടിവെക്കുന്നതുമടക്കം ഇത്രയേറെ തവണ രൂക്ഷമായ കടുവാശല്യമുണ്ടാവുകയും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്ത ഗുരുതര സാഹചര്യമുണ്ടായിട്ടും ഒരു നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിനോ വനംവകുപ്പിനോ സാധിച്ചിട്ടില്ല. പ്രസ്തുത വിഷയത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയം, ശ്രദ്ധ ക്ഷണിക്കല്‍, എന്നിവ കൊണ്ടുവന്നു. മന്ത്രിമാരുമായി ചര്‍ച്ച നടത്തി, നിവേദനം നല്‍കി. എന്നിട്ടും യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടികളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.