• Lisha Mary

  • April 15 , 2020

:

പ്രമേഹമുള്ളവരെ കോവിഡ് 19 ബാധിച്ചാല്‍ അത് അവരുടെ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോവിഡ് 19 വ്യാപനത്തിന്റെ തുടക്കം മുതല്‍ പുറത്തുവന്ന പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. കോവിഡ് 19 ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റു ആരോഗ്യപരമായ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, അര്‍ബുദം അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ അസുഖങ്ങളുള്ള പ്രായമായ രോഗികളെ കോവിഡ് 19 വളരെ പ്രതികൂലമായാണ് ബാധിച്ചത്.

അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രമേഹ നിയന്ത്രണത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട്. തന്നെയുമല്ല അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 7.7 കോടി ആളുകളാണ് പ്രമേഹബാധിതരായി ഉള്ളത്. കോവിഡ് 19 തുടച്ചുനീക്കി പുതിയൊരു തുടക്കത്തിലേക്ക്  നീങ്ങുമ്പോള്‍ പ്രമേഹ ബാധിതരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരിക്കലും അടുത്ത വെല്ലുവിളിയാകരുത്.

ലോക്ക്ഡൗണ്‍ കാരണം ഡോക്ടറെ പതിവുപോലെ കാണാന്‍ സാധിച്ചെന്നുവരില്ല. എന്നു കരുതി നിത്യവും ചെയ്യേണ്ട കാര്യങ്ങളില്‍ മുടക്കമൊന്നും വരുത്താതെ നോക്കണം. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുക, നിത്യവും 45 മിനിട്ട് വ്യായാമത്തിനായി മാറ്റിവെക്കുക, കാലുകളില്‍ മുറിവുകളോ പൊട്ടലുകളോ ഉണ്ടോയെന്ന് നിത്യവും പരിശോധിക്കുക.

ഏറ്റവും പ്രധാനപ്പെട്ട കാര്യം പരിശോധനയാണ്. ഗ്ലൂക്കോസ് സ്ട്രിപ്പ് ഉപയോഗിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്വയം നിരീക്ഷിക്കുന്നത് നിര്‍ബന്ധമായും ചെയ്യണം. ലോക്ക്ഡൗണിനോട് അനുബന്ധിച്ച് നമ്മുടെയെല്ലാവരുടെയും ജീവിശൈലികളില്‍ മാറ്റം വന്നതിനാല്‍ പ്രമേഹമുള്ളവര്‍ കൂടുതല്‍ പരിശോധന നടത്തുകയാണ് വേണ്ടത്. ലബോറട്ടറി സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ HbA1C പരിശോധന നടത്തണം. പ്രമേഹനിയന്ത്രണം പ്രധാനമായിരിക്കാനുള്ള കാരണങ്ങളിലൊന്ന് ദീര്‍ഘകാല സങ്കീര്‍ണതകള്‍ തടയുന്നതിന് നമ്മുടെ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പരിഹാരം കാണേണ്ടതുണ്ട്. അതിന് പ്രമേഹം നിയന്ത്രണം അനിവാര്യമാണ്. 

അതിനാല്‍ മരുന്നുകളും ഗ്ലൂക്കോസ് ടെസ്റ്റിംഗ് സ്ട്രിപ്പുകളും സൂചികളും കൈയില്‍ കരുതലുണ്ടായിരിക്കണം. ലോക്ക്ഡൗണ് ആണെങ്കിലും നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടാന്‍ ശ്രമിക്കണം. മിക്ക ഡോക്ടര്‍മാരും ഇപ്പോള്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ രോഗികളെ കണ്ട് മരുന്ന് നിര്‍ദേശിക്കുന്നുണ്ട്. ആ മാര്‍ഗം അവലംബിക്കാം. 

സ്വന്തമായി ഒരു ബിപി ടെസ്റ്റിംഗ് മെഷീന്‍ ഉള്ളത് നല്ലതാണ്. ഇല്ലെങ്കില്‍ ഒന്നു വാങ്ങാന്‍ ശ്രമിക്കുക. ഇന്‍ഫ്‌ലുവന്‍സ, ന്യുമോണിയ വാക്‌സിനുകള്‍ എടുത്തിട്ടില്ലെങ്കില്‍ അതെടുക്കാം. എന്നാല്‍ ഒന്നോര്‍ക്കുക, കൊറോണ വൈറസില്‍ നിന്ന് അവര്‍ നിങ്ങളെ സംരക്ഷിക്കില്ല, പക്ഷേ അതിനെ പിന്തുടര്‍ന്നുവരുന്ന ന്യൂമോണിയ, ഇന്‍ഫ്‌ലുവന്‍സ എന്നിവ നിങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന് ആ വാക്‌സിനുകള്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞേക്കും.