• admin

  • January 23 , 2020

:

ചൈനയിൽ ഭീതി പടർത്തിയ കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജപ്പാൻ, തായ്‍ലാൻഡ്, തയ്‍വാൻ, ഹോങ്‌കോങ്, മക്കാവു, ദക്ഷിണകൊറിയ, യു.എസ് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 2019 ഡിസംബർ 31-ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ കണ്ടെത്തിയ രോ​ഗം ഇതിനോടകം 17 പേരുടെ ജീവനെടുത്തു.  471 പേരിൽ രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. 

കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക്‌ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി ഇന്ന് ചേരുന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. 

നോവൽ കൊറോണ വൈറസ് (2019-nCoV) എന്നുപേരിട്ടിരിക്കുന്ന പുതിയയിനം വൈറസാണ് രോ​ഗകാരണം. വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ലന്നതാണ് ഭീഷണി. പനി, ചുമ, ശ്വാസതടസ്സം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമികലക്ഷണങ്ങൾ. ഇതു പിന്നീട് ന്യുമോണിയയിലേക്ക് നയിക്കും. 

മൃഗങ്ങളില്‍ നിന്ന് മാത്രമേ മനുഷ്യനിലേക്കു വൈറസ് പകരൂ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതാണിത് എന്ന് കണ്ടെത്തി. ശ്വാസനാളിയെ ബാധിക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ജലദോഷം, ന്യുമോണിയ ഇതെല്ലാം ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. കൊറോണ വൈറസ് മൂലം 2002 നവംബറിലും 2003 ജൂലൈയിലും ചൈനയില്‍ ഉണ്ടായ സാര്‍സ് ബാധയില്‍ 8000 പേര്‍ രോഗബാധിതരാകുകയും 774 പേര്‍ മരണമടയുകയും ചെയ്തിരുന്നു. പുതിയ വൈറസ് ബാധ ഉണ്ടായ സമയം അല്പം ആശങ്കപ്പെടുത്തുന്നതാണ്. ലൂണാര്‍ ന്യൂ ഇയറിനായി ദശലക്ഷണക്കണക്കിന് ആളുകള്‍ ചൈനയിലേക്ക് സഞ്ചരിക്കുന്ന സമയം ആണിത്. ഇത്തരം വൈറസുകള്‍ കാട്ടുതീ പോലെ പടരാന്‍ യാത്രകള്‍ കാരണമാകും. വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ സുരക്ഷിതമായിരിക്കാന്‍ ചില കാര്യങ്ങള്‍ അറിയാം. ചിലര്‍ക്ക് പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം ഇവയുണ്ടാകാം. യാത്ര ചെയ്യുന്നവര്‍ സാധാരണ ജലദോഷം, ചുമ, മൂക്കൊലിപ്പ്, ന്യുമോണിയ പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മാസ്‌ക് ധരിച്ചാല്‍ എല്ലാമായോ? ചൈനയില്‍ നിരവധി ആളുകളാണ് ഇപ്പോള്‍ ഫേസ് മാസ്‌ക് വാങ്ങി ധരിക്കുന്നത്. എന്നാല്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ സയന്റിസ്റ്റ് ആയ എറിക് ടോണര്‍ പറയുന്നത് പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണമേകുന്നതില്‍ ഫേസ് മാസ്‌കുകള്‍ പൂര്‍ണമായും ഫലപ്രദമല്ല എന്നാണ്. യാത്രക്കാര്‍ ഇടയ്ക്കിടെ തങ്ങളുടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഇരുപതു സെക്കന്റ് എങ്കിലും കൈകള്‍ ഉരച്ച് കഴുകണം. കൊറോണ വൈറസ് ബാധയില്‍ നിന്നും മനുഷ്യനെ സംരക്ഷിക്കാന്‍ വാക്‌സിനുകള്‍ ഒന്നും ഇല്ല. മാത്രമല്ല ഈ വൈറസ് ബാധ സുഖപ്പെടുത്താനും ആവില്ല. അഥവാ വാക്‌സിന്‍ ഉണ്ടെങ്കില്‍തന്നെ അവ കണ്ടെത്തുവാന്‍ വര്‍ഷങ്ങളെടുക്കും.