• admin

  • September 25 , 2022

മാനന്തവാടി : ലഹരിക്കെതിരെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും സൈനികരാക്കുന്നതിൽ മാതാപിതാക്കൾക്ക് നിർണായക സ്ഥാനമുണ്ടെന്ന് മാനന്തവാടി സെൻറ് ജോസഫ്സ് ടി.ടി.ഐയിൽ നടന്ന രക്ഷാകർതൃ സംഗമം അഭിപ്രായപ്പെട്ടു. മദ്യവും മയക്കുമരുന്നുകളും രക്ഷിതാക്കളും മുതിർന്നവരും ഉപയോഗിക്കുമ്പോൾ അതിനെതിരെ പോരാടാനുള്ള സമൂഹത്തിന്റെ ധാർമിക ശക്തിയാണ് ചോർന്നു പോകുന്നത്. മാതാപിതാക്കൾ ലഹരി വിരുദ്ധ ജീവിത മാതൃക നൽകിയും മക്കളെ നിരന്തരം ബോധവൽക്കരിച്ചും മാത്രമേ സിന്തറ്റിക് ഡ്രഗ്സ് അടക്കമുള്ള പുതിയ ലഹരിക്കെണിയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് വ്യക്തമാണ്. സ്കൂൾ മാനേജരും മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടറുമായ ഫാ. സണ്ണി മഠത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ അന്നമ്മ എം . ആന്റണി, സ്റ്റാഫ് സെക്രട്ടറി മിനി ജോൺ, ലഹരി വിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ ജോസ് പള്ളത്ത് , എം. ടി .എ പ്രസിഡണ്ട് മഞ്ജുഷ എം. എസ് , സ്കൂൾ ലീഡർ ആൻ മരിയ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നൂറോളം പോസ്റ്ററുകൾ ഇതോടൊപ്പം പ്രദർശിപ്പിക്കുകയും ലീഫ് ലെറ്റുകൾ വിതരണം നടത്തുകയും ചെയ്തു.