• admin

  • January 9 , 2020

: തിരുവനന്തപുരം: പേമാരിയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് 92.70 കോടി രൂപ സര്‍ക്കാര്‍ കൈമാറി. ഭാഗികമായും പൂര്‍ണമായും തകര്‍ന്ന 29,288 വീടുകള്‍ക്കാണ് പണം നല്‍കിയത്. 13,175 വീടുകള്‍ക്കുള്ള 92.35 കോടിരൂപ അടുത്തദിവസം കൈമാറും. ഇതിനുള്ള പട്ടിക റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (ആര്‍കെഐ) സര്‍ക്കാരിന് കൈമാറി. ഓഗസ്റ്റിലെ പേമാരിയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് 63,335 വീടുകളാണ് തകര്‍ന്നത്. ശേഷിക്കുന്ന 20,872 വീടുകള്‍ക്കുള്ള സഹായം കൈമാറുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി താമസിച്ച 2,55,427 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായ 10,000 രൂപ വീതം നല്‍കിയിരുന്നു. ഇതോടെ ദുരന്തസഹായമായി സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 348.13 കോടി രൂപയായി. 13,175 വീടുകള്‍ക്കുള്ള 92.35 കോടി കൂടി കൈമാറുന്നതോടെ വ്യക്തിഗത സഹായംമാത്രം 476.48 കോടി രൂപയാകും. റവന്യൂ-തദ്ദേശഭരണ സ്ഥാപനങ്ങള്‍ സംയുക്ത സര്‍വേ നടത്തിയാണ് തകര്‍ന്ന വീടുകളുടെ പട്ടിക തയ്യാറാക്കിയത്. ഇതിനായി ദുരന്തം ബാധിച്ച സ്ഥലങ്ങളിലെ 2,54,482 വീടുകളില്‍ സര്‍വേ നടത്തി. ലാന്‍ഡ് റവന്യൂ കമീഷണറേറ്റിലെ പ്രത്യേക സെല്‍ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാണ് 63,335 വീടുകളുടെ പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ 550 വീടുകളുടെ സൂപ്പര്‍ ചെക്കിങ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടക്കുകയാണ്. 15 ശതമാനംവരെ നാശം സംഭവിച്ച വീടുകള്‍ക്ക് 10,000 രൂപയാണ് സഹായം. 16-29 ശതമാനംവരെ 60,000 രൂപയും 30-59 ശതമാനംവരെ 1,25,000 രൂപയും 60-74 ശതമാനംവരെ നാശം സംഭവിച്ച വീടുകള്‍ക്ക് രണ്ടര ലക്ഷംരൂപയുമാണ് നല്‍കുക. 75 ശതമാനവും അതിനു മുകളിലും നാശം സംഭവിച്ച വീടുകള്‍ പൂര്‍ണമായും തകര്‍ന്നവയുടെ പട്ടികയില്‍പ്പെടും. 537 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇവയ്ക്ക് ലൈഫ് മാതൃകയില്‍ മൂന്നു ഘട്ടമായി നാലു ലക്ഷംരൂപയാണ് നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സംസ്ഥാന ദുരന്തനിവാരണ നിധിയില്‍നിന്നുമാണ് പണം അനുവദിച്ചത്.