• admin

  • February 2 , 2022

തരിയോട് : തരിയോട് ഗ്രാമപഞ്ചായത്തിലെ കെന്‍സ പ്രൊജക്ടിന്റെ കെട്ടിട നിര്‍മ്മാണത്തില്‍ ഗുരുതരമായ നിയമ ലംഘനം നടന്നതായി ജില്ലാ ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട്.ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ടൗണ്‍ പ്ലാനര്‍ കെട്ടിടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.ദുരന്ത നിവാരണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് രണ്ടു പ്രധാന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍.ഈ മാനദണ്ഡമനുസരിച്ച് തരിയോട് ഗ്രാമപഞ്ചായത്തില്‍ പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ പരമാവധി ഉയരം പത്തു മീറ്ററാണ്.മൂന്നു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും അനുമതിയില്ല.എന്നാല്‍ കെന്‍സ വെല്‍നസ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാന കെട്ടിടത്തിന്റെ ഉയരം 15 മീറ്ററാണെന്നാണ് ടൗണ്‍ പ്ലാനറുടെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.മൂന്നു നില കെട്ടിടം പണിയാനുള്ള അനുമതിയുടെ മറവില്‍ 5 നിലകളാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.താഴത്തെ നിലയുടെ ഒരു ഭാഗം മണ്ണിട്ടു നികത്തി ഉയരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്തും നിലവില്‍ 13.8 മീറ്റര്‍ ഉയരമുള്ളതായി പരിശോധനയില്‍ കണ്ടെത്തി.റോഡിനോടു ചേര്‍ന്നു നിര്‍മ്മിച്ച മറ്റൊരു കെട്ടിടത്തില്‍ നാലു നിലകളും 10.3 മീറ്റര്‍ ഉയരവുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.ഈ കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല എന്നും ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.   പദ്ധതിയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പശ്ചിമഘട്ട സംരക്ഷണ സമിതി നല്‍കിയ കേസ്ഹൈക്കോടതിയുടെ പരിഗണനയിലാണ്.ഈ കേസില്‍ മറുപടി നല്‍കാനാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ടൗണ്‍ പ്ലാനറോട് കെട്ടിടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ടത്.മൂമ്പ് ജില്ലാ കളക്ടര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ദ സമിതിയും നിര്‍മ്മാണത്തിലെ നിയമ ലംഘനങ്ങള്‍ അക്കമിട്ടു നിരത്തിയിരുന്നു.എന്നാല്‍ കെന്‍സയുമായി ബന്ധപ്പെട്ട ഒരു ഫയലും ഇതുവരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ അജണ്ടയില്‍ വന്നിട്ടില്ല.വിവാദ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കാന്‍ ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും അണിയറ നീക്കം നടക്കുന്നതായി സൂചനയുണ്ട്.   തരിയോട് ഗ്രാമ പഞ്ചായത്തിലെ മഞ്ഞൂറയില്‍ ബാണാസുര റിസര്‍വോയറിനോടു ചേര്‍ന്നാണ് കെന്‍സ പദ്ധതിയുടെ നിര്‍മ്മാണം നടക്കുന്നത്.പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചതിന്റെ പേരിലും കെന്‍സയ്ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.2015ല്‍ റോയല്‍ മെഡോസ് എന്ന റിസോര്‍ട്ട് പദ്ധതിയുടെ പേരിലാണ് പ്രവാസികളില്‍ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചത്. ഈ പദ്ധതി പൂര്‍ത്തിയാക്കാതെ അതേ സ്ഥലത്തു തന്നെ കെന്‍സ വെല്‍നസ് ഹോസ്പിറ്റലിന്റെ പേരില്‍ പുതിയ നിക്ഷേപം സ്വീകരിച്ചു.ആദ്യ പദ്ധതിയില്‍ നിക്ഷേപം നടത്തിയ പ്രവാസികളുടെ പേരില്‍ വ്യാജരേഖ ചമച്ച് കെട്ടിട നിര്‍മ്മാണ അനുമതി നേടിയെന്ന പരാതിയില്‍ പടിഞ്ഞാറത്തറ പോലീസ് നാലു കേസുകള്‍ എടുത്തിട്ടുണ്ട്.