• admin

  • January 23 , 2020

ഹേഗ് :

രോഹിൻഗ്യൻ വംശഹത്യ തടയാൻ മ്യാൻമാർ ഭരണകൂടം സാധ്യതമായതെല്ലാം ചെയ്യണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച്  നാലു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും രാജ്യാന്തര കോടതി പ്രസിഡന്റായ ജഡ്ജി അബ്ദുൽഖ്വാവി അഹമ്മദ് യൂസഫ് നിർദേശിച്ചു.

ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദം കേട്ട ശേഷമാണു കോടതിയുടെ തീരുമാനം. ആറു മാസം കൂടുന്തോറും പുരോഗതി റിപ്പോർട്ട് കൈമാറണമെന്നും കോടതി വ്യക്തമാക്കി. തീരുമാനത്തെ ഏകകണ്ഠേനയാണു പൗരാവകാശ പ്രവർത്തകർ സ്വീകരിച്ചത്. രോഹിൻഗ്യകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശക്തമായ നടപടിയാണിതെന്നു ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പരംപ്രീത് സിങ് പറഞ്ഞു.

രോഹിൻഗ്യൻ മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങളില്‍ ഇടപെടാത്തതിനെതിരെ വിമർശനം നേരിടുന്ന മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂ ചിക്കു ക്ഷീണമുണ്ടാക്കുന്നതാണു തീരുമാനം.