രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു – കെ.സി. വേണുഗോപാൽ

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു – കെ.സി. വേണുഗോപാൽ

വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം

മുക്കം: കേന്ദ്ര സംസ്ഥാന സർക്കാരുകളക്കെതിരെ വിധിയെഴുതാൻ കേരളത്തിലെ ജനങ്ങൾ അവസരം നോക്കിയിരിക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച നേതൃതല കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടും ചേലക്കരയും പാലക്കാടും യു.ഡി.എഫ്. ചരിത്ര ഭൂരിപക്ഷത്തിലാവും വിജയിക്കുക എന്നും അദ്ദേഹം പറഞ്ഞു. മുണ്ടകൈ ദുരന്തത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ദുരന്ത ബാധിതരോട് നീതി പുലർത്തുമെന്നായിരുന്നു പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ജനങ്ങൾ ഏറെ ആശ്വാസകരമായിട്ടാണ് കണ്ടതെങ്കിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ദുരന്തബാധിതരോട് മുഖം തിരിച്ചു നിൽക്കുന്നതായി. സംസ്ഥാന സർക്കാരും ദുരന്തത്തെ അതിജീവിക്കുന്നതിലുള്ള പ്രവർത്തനങ്ങളിൽ ആത്മാർഥത പുലർത്തിയില്ല. വർഗീയത കൊണ്ട് ദീർഘകാലം വാഴാമെന്ന നരേന്ദ്ര മോദിയുടെ ദുഷ്ടലാക്കിന് കിട്ടിയ കനത്ത പ്രഹരമായിരുന്നു കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധിയെ പിന്തുണച്ച വയനാട്ടിലെ ജനങ്ങൾ പ്രിയങ്ക ഗാന്ധിക്ക് ചരിത്ര ഭൂരിപക്ഷം നൽകുമെന്ന് ഉറപ്പുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്ള ലോക്സഭാ പ്രധാനമന്ത്രിക്ക് ഉറക്കമില്ലാത്ത രാത്രികളാവും സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷനായ യോഗത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, എം.പി. മാരായ ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, അബ്ദുൽ വഹാബ്, എം.എൽ.എ. മാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, പി. കെ. ബഷീർ, ഐ.സി. ബാലകൃഷ്ണൻ, സണ്ണി ജോസഫ്, ഡി.സി.സി. പ്രസിഡന്റുമാരായ വി.എസ്. ജോയ്, എൻ.ഡി. അപ്പച്ചൻ, പ്രവീൺ കുമാർ, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത് ,ആലിപ്പറ്റ ജമീല, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, സി. മമ്മൂട്ടി, ഇസ്മായിൽ മൂത്തേടം, ടി. മുഹമ്മദ്, പി.ടി. ഗോപാലക്കുറുപ്, എം.സി. സെബാസ്റ്റ്യൻ ,സി. അഷ്‌റഫ്, പ്രവീൺ തങ്കപ്പൻ ,ജോസഫ് കളപ്പുരക്കൽ ,വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *