• Lisha Mary

  • March 8 , 2020

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ പുതിയ ജനസംഖ്യാനിയമം നടപ്പിലാക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുതിയ നിയമം വരുന്നതോടെ രണ്ട് കുട്ടികളിലധികമുള്ളവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ ലഭിക്കില്ല. ഇവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്കുണ്ടാകും. ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ സംസ്ഥാനത്തെ ജനസംഖ്യ 20 കോടി കടന്നിട്ടുണ്ട്. ഇത് ആശങ്കാജനകമാണ്. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ നിരവധി എംഎല്‍എമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ജനസംഖ്യാവര്‍ധനവിനെ കുറിച്ച് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൂചിപ്പിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കുട്ടികളിലധികമുള്ളവരുടെ കുടുംബത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാനും ചിലയിടങ്ങളില്‍ നിയമമുണ്ട്. ഇത് ഞങ്ങള്‍ പരിശോധിക്കുകയാണെന്നും മറ്റുസംസ്ഥാനങ്ങളിലെ ജനസംഖ്യാനിയമത്തെ കുറിച്ച് ഞങ്ങള്‍ പഠിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സമവായത്തോടെ നടപ്പാക്കാന്‍ കഴിയുന്ന ജനസംഖ്യാനിയമം ഞങ്ങള്‍ മുന്നോട്ടുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിന് സമയമെടുക്കുമെങ്കിലും പുതിയ ജനസംഖ്യാനിയമം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ കര്‍ഷകരുടെ ഉന്നമനത്തിനായി ഒന്നു പോലും ചെയ്യാത്ത സര്‍ക്കാര്‍ അവരുടെ പരാജയം മറച്ചുവെക്കാന്‍ വേണ്ടി ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങള്‍ പറയുകയാണ്. അധികാരത്തിലെത്തിയിട്ട് മൂന്ന് വര്‍ഷം തികയുമ്പോള്‍ സംസ്ഥാനത്തിനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.