• admin

  • February 7 , 2020

തൃശൂര്‍ : ജില്ലയില്‍ മൂന്ന് തലമുറകളെ കോര്‍ത്തിണക്കി മാതൃക അങ്കണവാടികള്‍ വരുന്നു. മികച്ച അങ്കണവാടി സേവനം ലക്ഷ്യമിട്ട് ഒരോ നിയോജക മണ്ഡലത്തിലും 10 സെന്റ് സ്ഥലം സ്വന്തമായുള്ള അങ്കണവാടികളാണ് മാതൃക അങ്കണവാടികളാക്കുന്നത്. ഇവ ത്രീജി അങ്കണവാടികള്‍ എന്നാണ് അറിയപ്പെടുക. ഇങ്ങനെ ജില്ലയില്‍ 22 ശീതീകരിച്ച അങ്കണവാടികളാണ് സ്ഥാപിക്കുക. ഓരോ അങ്കണവാടിയും 23.76 ലക്ഷം ചെലവഴിച്ചാണ് മാതൃക അങ്കണവാടികളാക്കിയിരിക്കുന്നത്. അങ്കണവാടികളിലൂടെ നല്‍കുന്ന സേവനങ്ങള്‍ സമൂഹത്തിന്റെ മൂന്ന് തലമുറയില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നതോടൊപ്പം അങ്കണവാടികളെ മൂന്ന് തലമുറകളുടെ സംഗമസ്ഥാനമാക്കി ഉയര്‍ത്തുകയും ചെയ്യും. അങ്കണവാടികളെ ഓജസ്സും ജീവനുമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി മാതൃകയാക്കുക എന്നതാണ് മാതൃക അങ്കണവാടിയെ ത്രീജി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മാതൃ ശിശുക്ഷേമ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ഐസിഡിഎസ് വഴി ആണ് പദ്ധതി നടപ്പിലാക്കുന്നത്. സമഗ്ര ശിശു വികസനത്തിന് അനിവാര്യമായ വ്യത്യസ്ത സേവനങ്ങള്‍ ഒരേസമയം ഒരേ സ്ഥലത്ത് നിന്ന് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആറുവയസ് വരെ പ്രായമുള്ള കുട്ടികള്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍, അമ്മമാര്‍, സ്ത്രീ വയോജനങ്ങള്‍ എന്നിവരാണ് മാതൃക അങ്കണവാടിയിലെ ഗുണഭോക്താക്കള്‍. ആറുവയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാര വിതരണം, പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം, പാട്ട്, നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ കലാപരമായ പരിശീലനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നു. ഈ വിധ പരിശീലനങ്ങള്‍ക്ക് കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. മാതൃക അങ്കണവാടികള്‍ മറ്റു അങ്കണവാടി കെട്ടിടങ്ങളെ അപേക്ഷിച്ച് സ്ഥല സൗകര്യമുള്ള കെട്ടിടമായതിനാല്‍ കുട്ടികള്‍ക്കായി ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിയുപകരണങ്ങളും, നേച്ചര്‍ ക്ലബ്, കുട്ടികള്‍ തന്നെ നിര്‍മ്മിക്കുന്ന പൂന്തോട്ടം എന്നിവയും ഇതിന്റെ ഭാഗമാകും. കൂടാതെ കുട്ടികളുടെ പരിരക്ഷയും അതിജീവനവും ഉറപ്പാക്കാന്‍ രോഗ പ്രതിരോധ നടപടികളും ഉറപ്പുവരുത്തും. മാതൃകാ അങ്കണവാടികളില്‍ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് വ്യക്തിത്വ വികസന ക്ലാസുകള്‍, ബോധവല്‍ക്കരണ ആരോഗ്യ പരിരക്ഷാ ക്ലാസുകള്‍, തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍, ലൈബ്രറി ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാക്കും. കൂടാതെ അമ്മമാര്‍ക്കായി തൊഴില്‍ പരിശീലന പരിപാടികള്‍, ശിശുക്കളുടെ ആരോഗ്യ പരിപാലന രീതി, പോഷക മൂല്യം നിലനിര്‍ത്തിക്കൊണ്ടുള്ള പാചക രീതികള്‍, കൗണ്‍സലിങ് എന്നീ സേവനങ്ങളും ലഭ്യമാക്കും. 60 വയസ്സിന്മേല്‍ പ്രായമുള്ള മുതിര്‍ന്ന സ്ത്രീകളാണ് മാതൃക അങ്കണവാടിയില്‍ മൂന്നാമത്തെ ഗുണഭോക്താക്കള്‍. പകല്‍ വീട് എന്ന സേവനം ലഭ്യമാക്കുക വഴി വയോജനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നു. ഇവര്‍ക്ക് വിശ്രമിക്കുന്നതിന് കട്ടില്‍, കസേര, വായിക്കാന്‍ ദിനപത്രം, ആരോഗ്യ പരിശോധനയ്ക്ക് ഡോക്ടറുടെ സേവനം, ലഘുഭക്ഷണം എന്നിവയും നല്‍കും. കഥ പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന മുത്തശ്ശിമാരെ കൊണ്ട് അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് കഥയും പാട്ടും ചൊല്ലി കൊടുക്കാനും അങ്കണവാടി പ്രവര്‍ത്തകര്‍ ശ്രദ്ധ നല്‍കും. കൂടാതെ ഓള്‍ഡ് ഏജ് ക്ലബ് രൂപീകരിച്ച് ജൈവ പച്ചക്കറി തോട്ടവും നിര്‍മ്മിക്കും.