• admin

  • February 17 , 2020

പാലാ :

മീനച്ചിലാറിന്റെ മീതെ നടന്നു കാഴ്ച കാണാൻ പാലായിൽ ‘കാന്റിലീവർ വോക്‌വേ’ വരുന്നു. പുതുതായി നിർമിക്കുന്ന റിവർവ്യൂ റോഡിനൊപ്പമാണ് നടപ്പാതയും സജ്ജമാക്കുന്നത്. 980 മീറ്റർ നീളത്തിൽ മീനച്ചിലാറിനു മുകളിലൂടെ പോകുന്ന വിധത്തിലാണ് നിർമാണം. പാലാ വലിയ പാലത്തിന്റെ താഴെ നിന്നു കൊട്ടാരമറ്റത്തേക്കാണ് റിവർവ്യൂ റോഡിന്റെ രണ്ടാം ഘട്ട നിർമാണം നടക്കുന്നത്. ഈ സ്ഥലത്താണ് പുതിയ നടപ്പാതയും വരുന്നത്.

47.5 കോടി രൂപ ചെലവിൽ 2018ൽ നിർമാണം ആരംഭിച്ച റിവർവ്യൂ റോഡിന്റെ പുതിയ ഭാഗത്തിന്റെ തൂൺ സ്ഥാപിക്കലാണ് നടന്നു വരുന്നത്. 147 തൂണുകളിൽ 25 എണ്ണം കൂടി നിർമിക്കാനുണ്ട്. ഒരാഴ്ചകൊണ്ട് ഇവ സ്ഥാപിച്ച് അടുത്ത ആഴ്ചയോടെ കോൺക്രീറ്റിങ് ആരംഭിക്കും. തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഗർഡറുകളുടെ ജോലി നടന്നു വരികയാണ്. ഇവയുടെ ക്യാപ് നിർമാണം പുരോഗമിക്കുന്നു. 

ഒരുഭാഗം മാത്രം ഉറപ്പിച്ച് ഭാരം മുഴുവൻ താങ്ങാൻ സാധിക്കും വിധം നിർമിക്കുന്ന പാലങ്ങൾക്കാണ് കാന്റിലീവർ പാലങ്ങൾ എന്നു പറയുന്നത്. വീടുകളുടെ കാർ പോർ‍ച്ചിന്റെ ഭാഗം തൂണില്ലാതെ മുന്നോട്ടു തള്ളി നിർമിക്കുന്നതു കാന്റിലീവർ നിർമിതിയുടെ ഉദാഹരണമാണ്.കൊച്ചി മെട്രോ റെയിലിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു കുറുകെ വലിയ കാന്റിലീവർ പാലമുണ്ട്.