മാവേലിക്കര
ജില്ലയിലെ ആദ്യ ഇലക്‌ട്രിക് ആംബുലൻസ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തി. ആർ രാജേഷ് എംഎൽഎയുടെ 2019–20 ലെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് ആംബുലൻസ് വാങ്ങിയത്. ആശുപത്രി വളപ്പിനുള്ളിൽ വിവിധ ചികിത്സാ യൂണിറ്റുകളിലേക്ക് രോഗികൾക്ക് യാത്ര ചെയ്യാനുള്ളതാണ് ആംബുലൻസ്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആംബുലൻസിൽ ഡ്രൈവറെ കൂടാതെ മൂന്നു രോഗികൾക്ക് ഇരുന്നും ഒരു രോഗിയെ കിടത്തിയും കൊണ്ടുപോകാം. നിലവിൽ ആശുപത്രിയിലെ ഒരു കെട്ടിടത്തിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് സൂപ്രണ്ട് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
5,25,600 രൂപ ചെലവഴിച്ച് ഗവ. ഇ -മാർക്കറ്റ്പ്ലേസ് മുഖേനയാണ് ആംബുലൻസ് വാങ്ങിയത്. പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററാണ്. ആശുപത്രി വളപ്പിൽ വേഗത 15 കിലോമീറ്റർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. കോയമ്പത്തൂരിലെ റൂട്സ് ഇൻഡസ്ട്രി ആണ് ഇലക്‌ട്രിക് ആംബുലൻസ് തയാറാക്കിയത്.