• admin

  • November 5 , 2022

കൽപ്പറ്റ : മേപ്പാടിയിൽ മാധ്യമ പ്രവർത്തകൻ സി.കെ. ചന്ദ്രനെതിരെ പോലീസ് കേസ്സെടുത്തതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടപ്പടി മുൻ വില്ലേജ് ഓഫീസർ ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിപ്പിക്കുന്നതിലും കെ.എൽ.ആർ. ഉൾപ്പടെയുള്ള അപേക്ഷകളിൽ കാലതാമസം വരുത്തുന്നതും കൈക്കൂലി വാങ്ങുന്നതും സംബന്ധിച്ച് നേരത്തെ പൊതു ജനങ്ങളിൽ നിന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇക്കാര്യം റിപ്പോർട്ട് ചെയ്യുക മാത്രമാണ് സി.കെ.ചന്ദ്രൻ എന്ന മാധ്യമ പ്രവർത്തകൻ ചെയ്തിട്ടുള്ളൂ. ജനങ്ങളുടെ പരാതിയിൽ കലക്ടർ ഇവരെ സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിൽ പ്രകോപിതയായ മുൻ വില്ലേജ് ഓഫീസർ വ്യാജ പരാതി തയ്യാറാക്കി പോലീസിനെ സമീപിക്കുകയായിരുന്നു. ഈ പരാതിയിൽ പോലീസ് വിവിധ വകുപ്പുകൾ ചേർത്ത് കേസ് എടുത്തത് ഗൂഡാലോചനയുടെ ഫലമാണന്ന് സംശയിക്കുന്നതായി യോഗം വിലയിരുത്തി. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് അവസരമൊരുക്കണമെന്നും ഒമാക് വയനാട് ജില്ലാ എക്സികുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അൻവർ സാദിഖ്, ട്രഷറർ സിജു മാനുവൽ, ഡാമിൻ ജോസഫ്, ജാസിർ പിണങ്ങോട് തുടങ്ങിയവർ സംസാരിച്ചു.