• admin

  • January 29 , 2020

കാട്ടാക്കട: :

കാട്ടാക്കട അമ്പലത്തിൻകാലയിൽ യുവാവിനെ മണ്ണുമാന്തിയന്ത്രം കൊണ്ട് ഇടിച്ചുകൊന്ന സംഭവത്തിൽ കൃത്യവിലോപം കാട്ടിയ പോലീസുകാർക്കെതിരേ നടപടിയെടുത്തേക്കും. സംഭവത്തിൽ ഉൾപ്പെട്ട ഒരാളെക്കൂടി കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു.

ടിപ്പർ ഡ്രൈവർ കാട്ടാക്കട കട്ടയ്ക്കോട് കാര്യാട്ടുകോണം കുളത്തിൻകര വീട്ടിൽ സി.ബൈജു(36)വാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവർ എട്ടായി. സംഭവത്തിൽ കൊല്ലപ്പെട്ട സംഗീതിന്റെ പുരയിടത്തിൽ അതിക്രമിച്ചു കയറിയ എട്ടു പേരിൽ ഒരാളാണ് ബൈജു.

ഒരു ടിപ്പർ ഓടിച്ചിരുന്നത് ബൈജുവാണെന്നും പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും കാട്ടാക്കട ഇൻസ്പെക്ടർ ഡി.ബിജുകുമാർ പറഞ്ഞു. പ്രതികളെയും വാഹനങ്ങളും ഒളിപ്പിക്കാൻ സഹായംചെയ്തവരാണ് ഇനി പിടിയിലാവാനുള്ളത്.

അനുമതിയില്ലാതെ മണ്ണെടുക്കുന്ന വിവരം കാട്ടാക്കട പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും സമയോചിതമായി ഇടപെടാൻ പോലീസ് വൈകിയെന്ന ആരോപണത്തിൽ പോലീസിന്റെ വീഴ്ച അന്വേഷിച്ച നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറുടെ റിപ്പോർട്ട് ചൊവ്വാഴ്ച റൂറൽ എസ്.പി.ക്ക്‌ കൈമാറിയിട്ടുണ്ട്.

സംഭവദിവസം 12.50-ന് സംഗീത് കാട്ടാക്കട പോലീസിനെ വിളിച്ചതായും സംഭവദിവസം സ്റ്റേഷനിൽ ജീപ്പില്ലെന്ന വാദം തെറ്റാണെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

ചൊവ്വാഴ്ച വൈകീട്ട് റൂറൽ ജില്ലാ പോലീസ് മേധാവി പി.അശോകന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കഴിഞ്ഞ ദിവസം ഡിവൈ.എസ്.പി. സ്റ്റേഷനിലെത്തി ആരോപണ വിധേയരായവരുടെ മൊഴിയെടുത്തിരുന്നു. സംഭവം നടക്കുമ്പോൾ സ്റ്റേഷൻ ജോലിയിൽ ഉണ്ടായിരുന്നവരും പട്രോളിങ്‌ സംഘവും കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൃത്യവിലോപം കാട്ടിയവർക്കെതിരേ രണ്ടുദിവസത്തിനകം നടപടിയുണ്ടാകുമെന്നും അറിയുന്നു.

കാട്ടാക്കട താലൂക്കിലെ അനധികൃത കുന്നിടിക്കൽ, മണ്ണുകടത്തൽ തുടങ്ങി തണ്ണീർത്തട നിയമലംഘനങ്ങൾക്കെതിേര കർശന നടപടിയെടുക്കാൻ നെടുമങ്ങാട് ആർ.ഡി.ഒ. ജയമോഹനന്റെ നേതൃത്വത്തിൽ കാട്ടാക്കട താലൂക്ക് ഓഫീസിൽ ചേർന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. ഇത്തരം നിയമലംഘനങ്ങൾ തടയാൻ രൂപവത്‌കരിച്ച സ്ക്വാഡിന്റെ പ്രവർത്തനം സജീവമാക്കും.

രാത്രിയിലും പട്രോളിങ് ഉണ്ടാകും. താലൂക്കിലെ 13 വില്ലേജുകളിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്നിട്ടുള്ള ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും ആർ.ഡി.ഒ. ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരം മൈനിങ് ആൻഡ് ജിയോളജി വകുപ്പിനു കൈമാറാനും തീരുമാനമായി.