• admin

  • January 11 , 2020

: ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. ഓരോ മണിക്കൂറിലും തൊഴില്‍രഹിതനായ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 2018ലെ ആത്മഹത്യാ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. 1,34,516 ആത്മഹത്യകളാണ് 2018ല്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 92,114 പുരുഷന്മാരും 42,319 സ്ത്രീകളുമാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 'ഇന്ത്യയിലെ ആത്മഹത്യകള്‍ 2018' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. തൊഴിലില്ലായ്മയെ തുടര്‍ന്ന് 2018 ല്‍ 12,936 പേര്‍ ആത്മഹത്യ ചെയ്തെന്നാണ് റിപ്പോര്‍ട്ടിലുളളത്. ആകെ ആത്മഹത്യയുടെ 9.6 ശതമാനം വരുമിത്. 18 നും 60 നും മധ്യേ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തതിലേറെയും. 10,687 പുരുഷന്മാരും 2,246 സ്ത്രീകളുമാണ് ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്തത്. കേരളത്തിലാണ് തൊഴിലില്ലായ്മയെ തുടര്‍ന്ന് ഏറ്റവുമധികം പേര്‍ ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1,240 തൊഴില്‍രഹിതര്‍ കേരളത്തില്‍ ജീവനൊടുക്കി. രാജ്യത്തെ തൊഴിലില്ലായ്മയെത്തുടര്‍ന്നുള്ള ആകെ ആത്മഹത്യയുടെ 12.3 ശതമാനം വരുമിത്. തമിഴ്നാട്ടില്‍ 1,579 പേരും കര്‍ണാടകയില്‍ 1,094 പേരും ഉത്തര്‍പ്രദേശില്‍ 902 പേരും 2018ല്‍ തൊഴിലില്ലായ്മയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്നും റിപ്പോര്‍ട്ടിലുണ്ട്.