• admin

  • February 16 , 2020

 തൊടുപുഴ  :

വികസന മാതൃകയുടെ പുത്തൻ കിരണങ്ങളേറ്റ്‌ മണക്കാട്‌ പഞ്ചായത്ത്‌ മാറുകയാണ്‌. സംസ്ഥാനത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള പുരസ്‌കാരം വീണ്ടും ലഭിച്ചത്‌ അർഹതയുടെ അംഗീകാരമായി. 

ലൈഫ് ഭവന പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി 51 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 18 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്‌. മാലിന്യ നിർമാർജനത്തിനായി എംസിഎഫ്, ഹരിതകർമസേന വഴി പ്ലാസ്റ്റിക് കളക്ഷൻ, ജൈവപച്ചക്കറി പ്രോത്സാഹനത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ മഴമറ കൃഷി, പിഎച്ച്സിയിൽ സ്ഥാപന പച്ചക്കറി കൃഷി, മണക്കാട് കവലയിൽ മൺമറഞ്ഞ സിനിമാതാരം തൊടുപുഴ വാസന്തിയുടെ സ്‌മരണാർഥം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നിർമിച്ച വയോജന പാർക്ക് എന്നിവയും എടുത്തു പറയേണ്ട നേട്ടങ്ങൾ. നിർധനരായ പതിനഞ്ചോളം കുടുംബങ്ങൾക്ക് സാമൂഹ്യ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സഹായത്തോടെ എല്ലാമാസവും ഭക്ഷണ കിറ്റ് വിതരണവുമുണ്ട്‌.

 പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 200 കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ, സർക്കാർ സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂം, ടോയ്‌ലെറ്റ് നിർമിക്കാൻ പ്രത്യേക ധനസഹായം, ബേബി ടോയ്‌ലെറ്റ്‌ നിർമാണം, എസ്‌സി കോളനിയിൽ ഓപ്പൺ സ്റ്റേജ്, വനിതാ വികസനകേന്ദ്രം നിർമാണവും പുനർനിർമാണവും, വിവിധ അങ്കണവാടികളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ ഒരു പഞ്ചായത്ത്‌ ഭരണസമിതി മാതൃകയാക്കേണ്ട ജനോപകാര വികസനപദ്ധതികളുടെ നീണ്ടനിര.

  അഞ്ച് വർഷത്തിനിടെ മണക്കാട് പഞ്ചായത്ത് ഭരണസമിതി കരസ്ഥമാക്കുന്ന ഏഴാമത്തെ പ്രധാന പുരസ്‌കാരമാണ് സ്വരാജ് ട്രോഫി. 2016–- 17 തൊഴിലുറപ്പ് പദ്ധതിക്ക് മഹാത്മാ പുരസ്കാരവും(ജില്ലയിൽ രണ്ടാം സ്ഥാനം), ഐഎസ്ഒ സർട്ടിഫിക്കേഷൻ, നൂറുശതമാനം പദ്ധതിവിഹിതം ചെലവഴിച്ചതിനും പൂർണമായി നികുതിപിരിവ് നടത്തിയതും മികവായി.

 ജില്ലയിലെ മികച്ച പ്ലാന്റ് ഹെൽത്ത് ക്ലിനിക്കിനുള്ള പുരസ്കാരവും പഞ്ചായത്ത് നേടിയിട്ടുണ്ട്‌. കഴിഞ്ഞവർഷവും ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചിരുന്നു‌. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സമയബന്ധിതമായി പൂർത്തീകരിച്ച്, ജനക്ഷേമ പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കിയതിന്റെ അംഗീകാരമെന്ന നിലയിലാണ് തുടർച്ചയായ രണ്ടാംതവണയും മണക്കാടിനെ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തെരഞ്ഞെടുത്തതെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ്  വത്സ ജോൺ, വൈസ് പ്രസിഡന്റ്  ബി ബിനോയ് എന്നിവർ പറഞ്ഞു. സ്വരാജ് ട്രോഫിയും അഞ്ച്‌ ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ ഉപഹാരം.