• admin

  • January 13 , 2020

: ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പൊലീസ് ഓഫീസര്‍ തീവ്രവാദികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നെന്ന് ജമ്മു കശ്മീര്‍ പൊലീസ്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായി ഇയാള്‍ തീവ്രവാദികളോട് 12 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് വ്യക്തമാക്കി. കശ്മീര്‍ താഴ്വരയില്‍ ഭീകരര്‍ക്കെതിരെയുളള പ്രവര്‍ത്തനം സുരക്ഷാ സേന വര്‍ധിപ്പിച്ച ഘട്ടങ്ങളില്‍ അഞ്ചുതവണ ഇത്തരത്തില്‍ തീവ്രവാദികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് കടത്തുന്നതില്‍ ഡെപ്യൂട്ടി സൂപ്രണ്ട് സഹായിച്ചതായും പൊലീസ് പറയുന്നു. കശ്മീരില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതിലും പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കുവഹിച്ചതായും ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. ശനിയാഴ്ചയാണ് ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിങ്ങിനെ കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവരായിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. ഭീകരരെ കീഴടങ്ങാന്‍ എത്തിക്കുന്നതിനിടയിലാണ് തന്നെ പൊലീസ് പിടികൂടിയതെന്നാണ് ഡിവൈഎസ്പി അവകാശപ്പെടുന്നത്. എന്നാല്‍, ഇത്തരമൊരു കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ ഇദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. മാത്രമല്ല, പിടിയിലായ തീവ്രവാദികളെ ചോദ്യംചെയ്തതില്‍ നിന്ന് കീഴടങ്ങാനുള്ള പദ്ധതി അവര്‍ക്കുണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. ദേശീയപാതയില്‍ വാഹനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് ഇവര്‍ പിടിയിലായത്.ജമ്മുകശ്മീര്‍ പൊലീസിന് പുറമേ ഐബിയും മറ്റു രഹസ്യാന്വേഷണ ഏജന്‍സികളും സിങ്ങിനെയും കൂട്ടാളികളെയും കുറിച്ച് അന്വേഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരരെ സുരക്ഷിതമായി ബാനിഹാള്‍ തുരങ്കം കടത്തുന്നതിന് 12 ലക്ഷം രൂപയാണ് ഇവരില്‍നിന്ന് ദേവേന്ദ്ര സിങ് പറഞ്ഞുറപ്പിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. ഡിവൈഎസ്പി ഓടിക്കുന്ന വാഹനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇവര്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് ഭീകരര്‍ ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ താമസിച്ചിരുന്നതായും പൊലീസ് പറയുന്നു. കുല്‍ഗാമിലെ മിര്‍ ബസാറില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ നവീദ് ബാബുവിനൊപ്പമാണ് ദേവേന്ദ്രസിങ്ങിനെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.