• Lisha Mary

  • March 10 , 2020

തിരുവനന്തപുരം : ബുധനാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്. ബസ് ഉടമകളുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരത്തില്‍ നിന്നും ബസ്സുടമ സംയുക്ത സമര സമിതി പിന്‍മാറണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തെ ബസുടമകളോട് അഭ്യര്‍ഥിച്ചിരുന്നു. സമര സമതി ഉന്നയിച്ച പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ പരീക്ഷകള്‍ നടന്നുവരുന്ന സമയം കൂടി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളില്‍ നിന്നും ബസ്സുടമകള്‍ പിന്‍മാറണമെന്നും കൊറോണ രോഗത്തിന്റെ ഭീഷണി നേരിട്ടുവരുന്ന ഈ സമയത്ത് സര്‍ക്കാരിന്റെ നടപടികളുമായി ഇപ്പോള്‍ ബസ്സുടമകള്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചിരുന്നു.