• admin

  • February 4 , 2020

:

ഉയർന്ന ബിപി ഇന്ന് വ്യാപകമാണ്. ചെറുപ്പക്കാരെയും സ്ത്രീകളെയും അത് കൂടുതലായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഉയർന്ന ബിപിക്കു മരുന്നു കഴിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുന്നു. മരുന്നുകൾ കൊണ്ടു മാത്രം ബിപിയെ നിയന്ത്രിക്കാമെന്നാണ് മിക്കവരുടെയും ധാരണ. മരുന്നിനൊപ്പം ജീവിതശൈലീ ക്രമീകരണവും കൂടി ഉണ്ടങ്കിൽ മാത്രമേ ഇതു ഫലപ്രദമായി നിയന്ത്രിക്കാനാവൂ. നിത്യേനയുള്ള വ്യായാമം, ഭക്ഷണത്തിൽ കറിയുപ്പിന്റെ നിയന്ത്രണം, സ്ട്രെസ് കുറയ്ക്കൽ, അമിതവണ്ണ നിയന്ത്രണം തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങൾ പ്രാവർത്തികമാക്കുകയാണെങ്കിൽ ബിപിക്കുള്ള മരുന്നുകളുടെ അളവ് കുറയ്ക്കാനാവുമെന്നു മാത്രമല്ല ഉയർന്ന ബിപി മൂലമുണ്ടാവുന്ന പല സങ്കീർണതകളേയും മാറ്റി നിർത്താനും കഴിയും. 

മരുന്നു കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടവ

∙ ഉയർന്ന ബിപിക്ക് പലതരം മരുന്നുകൾ ലഭ്യമാണ്. എല്ലാവർക്കും ഒരേ മരുന്നല്ല വേണ്ടത്. ഏതാണു ശരിയായ മരുന്ന് എന്ന് ചികിത്സിക്കുന്ന ഡോക്ടർ തീരുമാനിക്കും. രോഗിയുടെ പ്രായം, അനുബന്ധ രോഗങ്ങൾ തുടങ്ങി പല ഘടകങ്ങളും നോക്കി വേണം മരുന്നു നിശ്ചയിക്കാൻ. പലതരം മരുന്നുകൾ പല തരത്തിലാണ് ബിപി കുറയ്ക്കുന്നത്. ഉയർന്ന ബിപിയോടൊപ്പം പ്രമേഹം കൂടി ഉണ്ടെങ്കിൽ അങ്ങനെയുള്ള രോഗിക്ക് എല്ലാ മരുന്നും യോജിച്ചതല്ല. പ്രമേഹ രോഗികൾക്ക് വൃക്കരോഗം ഉണ്ടാകാൻ സാധ്യത കൂടുതലുള്ളതിനാൽ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത മരുന്നു വേണം നൽകാൻ. 

∙ സ്വയം ചികിൽസ പാടില്ല. ഒരാൾക്ക് ബിപി കുറയാൻ കൊടുത്ത മരുന്ന് മറ്റൊരാൾക്ക് യോജിച്ചതായിരിക്കില്ല. 

∙ ചിലപ്പോൾ ഒന്നിൽ കൂടുതൽ മരുന്നുകൾ ഒരാൾക്കുതന്നെ വേണ്ടിവരും അത് മറ്റൊരു വിഭാഗത്തിൽ പെട്ട മരുന്നുമായിരിക്കാം. 

∙ മരുന്നുകൾ പതിവായി ദിവസവും കഴിക്കണം. ചിലപ്പോൾ ജീവിതകാലം മുഴുവനും കഴിക്കേണ്ടി വരും. പനിക്കോ ചുമയ്ക്കോ കുറച്ചു നാൾ മരുന്നു കഴിച്ച് നിർത്തുന്നതുപോലെ ബിപിക്കുള്ള മരുന്ന് നിർത്താനാവില്ല. ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുക. മരുന്നുകൾ നിർത്തിയാൽ ബിപി വളരെ കൂടാൻ സാധ്യതയുണ്ട്. 

∙ മരുന്ന് രാവിലെയും വൈകിട്ടും കഴിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ സമയത്ത് കഴിക്കണം. രക്തസമ്മർദം 24 മണിക്കൂറും നിയന്ത്രിച്ചു നിർത്താൻ വേണ്ടിയാണത്. വൈകിട്ട് കഴിച്ചില്ലെങ്കിൽ രാത്രിയിൽ ബിപി നിയന്ത്രണ വിധേയമാകാതിരിക്കുകയും അങ്ങനെയുള്ളവർക്ക് അതിരാവിലെ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാവാൻ സാധ്യത കൂടുകയും ചെയ്യുന്നു. 

∙ ഉയർന്ന ബിപിക്ക് ഉപയോഗിക്കുന്ന പല മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാവാറുണ്ട്. പല മരുന്നുകൾക്ക് പല രീതിയിലാണ് അവ. വിട്ടുമാറാത്ത ചുമ, പുരുഷന്മാരിൽ ഉദ്ധാരണപ്രശ്നങ്ങൾ, കൊളസ്ട്രോൾ പ്രശ്നങ്ങൾ തുടങ്ങിയവ ഉദാഹരണം. മരുന്നുകൾ കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ അറിയിക്കുക. അദ്ദേഹം മരുന്നിൽ മാറ്റം വരുത്തും.