• Lisha Mary

  • March 14 , 2020

: മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് വിട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. പത്ത് വര്‍ഷത്തിലേറെയായി സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇടപെടാറില്ല. ഭാര്യ മെലിന്‍ഡയ്ക്കൊപ്പം ആരംഭിച്ച ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം. 2014 വരെ മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയിരുന്നു ബില്‍ഗേറ്റ്സ്. 2000 ല്‍ തന്റെ സിഇഓ സ്ഥാനം അദ്ദേഹം ഉപേക്ഷിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറി. ഇതോടെ സ്റ്റീവ് ബാല്‍മര്‍ കമ്പനിയുടെ സിഇഒ ആയി. 2014 ലാണ് സത്യ നദെല്ല സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ സ്ഥിരസാന്നിധ്യമായിരുന്ന വില്യം ഹെന്റി ഗേറ്റ്സ് എന്ന ബില്‍ഗേറ്റ്സ് 1975 ല്‍ പോള്‍ അലനുമായി ചേര്‍ന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. അഭിഭാഷകനായ വില്യമിന്റേയും സ്‌കൂള്‍ അധ്യാപികയായിരുന്ന മേരിയുടേയും മകനാണ് ഗേറ്റ്സ്. രണ്ട് സഹോദരിമാരും അദ്ദേഹത്തിനുണ്ട്. പതിമൂന്നാം വയസില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് അദ്ദേഹം കംപ്യൂട്ടര്‍ പ്രോഗ്രാമിങിലേക്ക് കടക്കുന്നത്.