• Lisha Mary

  • March 15 , 2020

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കൊറോണ രോഗബാധയില്ല. വൈറ്റ് ഹൗസ് അറിയിച്ചതാണ് ഇക്കാര്യം. ട്രംപിന്റെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി വ്യക്തമാക്കി. കോവിഡ് പരിശോധനയ്്ക്ക് വിധേയനായെന്നും, റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപ് പരിശോധനയ്ക്ക് വിധേയനായത്. വൈറസ് ബാധ സംശയിച്ച് ട്രംപിന്റെ മകള്‍ ഇവാന്‍കയും നിരീക്ഷണത്തിലാണ്. അതേസമയം, അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണം 2226 ആയി ഉയര്‍ന്നിട്ടുണ്ട്. ട്രംപുമായും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും കോവിഡ് പരിശോധന നടത്തും. ബ്രിട്ടനിലും രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്ക ഇംഗ്ലണ്ടിലേക്കും അയര്‍ലണ്ടിലേക്കും കൂടി യാത്രാവിലക്ക് പ്രഖ്യാപിച്ചു. അമേരിക്കയിലും ഇംഗ്ലണ്ടിലും വിവിധ ക്രിസ്ത്യന്‍ സഭകള്‍ ഞായറാഴ്ച കുര്‍ബാന ഒഴിവാക്കി. ഇതിനിടെ ചൈനയില്‍ നിന്നാണ് കൊറോണ വൈറസുകള്‍ പൊട്ടിപ്പുറപ്പെട്ടതെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.