• Anjana P

  • September 14 , 2022

കൽപ്പറ്റ : റമ്പാൻ ഗീവർഗീസ് ഷിബു യോഹന്നാൻ ഇനി മെത്രാപ്പോലീത്ത. ലബനോനിലെ സെൻ്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ മലങ്കര സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോറോൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയുടെ മുഖ്യ കാർമ്മികത്വത്തിലാണ് വാഴിക്കൽ കർമ്മങ്ങൾ നടന്നത്. നൂറ് കണക്കിനാളുകളുടെ പ്രാർത്ഥനകൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ സഭയിലെ ശ്രേഷ്ഠരുടെ സാന്നിധ്യത്തിലും സഹകാർമ്മികത്വത്തിലുമാണ് ഗീവർഗീസ് ഷിബു യോഹന്നാനെ മെത്രാപ്പോലിത്തയായി വാഴിച്ചത്. മലബാർ ഭദ്രാസന സെക്രട്ടറി ഫാ. മത്തായി അതിരമ്പുഴയുടെയും ഗീവർഗീസ് കിഴക്കേടത്ത് കോർ എപ്പിസ്കോപ്പയുടെയും നേതൃത്വത്തിൽ നിരവധി വൈദികരും ബന്ധുമിത്രാദികളും ലബനോനിലെ ചടങ്ങിൽ പങ്കെടുത്തു. തുടർ ചടങ്ങുകളുടെ ഭാഗമായി 21-ന് മീനങ്ങാടി സെൻ്റ പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് കത്തീഡ്രലിൽ സ്ഥാനാരോഹണ ചടങ്ങ് നടക്കും. അടുത്ത ഞായറാഴ്ച മാതൃ ഇടവകയായ മലങ്കരക്കുന്നിൽ മെത്രാപോലീത്ത എന്ന നിലയിലുള്ള പ്രഥമ കുർബാന അർപ്പിക്കും. തുടർന്ന് ഗീവർഗീസ്സ് ഷിബു യോഹന്നാൻ മെത്രാപ്പോലിത്തക്ക് ഊഷ്മണ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.