പത്തനംതിട്ട :
പ്രളയ ധനസഹായം നല്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. പ്രളയ ബാധിതരുടെ വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലിശയുടെ ജില്ലാതല വിതരണോദ്ഘാടനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ . വായ്പാ ലിശ നല്കുമെന്ന് പ്രഖ്യാപിക്കുക മാത്രമല്ല അത് സര്‍ക്കാര്‍ നല്കുകയും ചെയ്തു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇത് ചെയ്തിട്ടില്ല. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മിക്കാന്‍ 1000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
വായ്പാ ഇനത്തില്‍ 124 കോടി രൂപ ജില്ലയ്ക്ക് മാത്രമായി അനുവദിച്ചു. അതുവഴി 14000 കുടുംബങ്ങളിലേക്ക് സഹായമെത്തിക്കാനായി എന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എന്നും കുടുംബശ്രീയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നു. 1550 കോടി രൂപ കുടുംബശ്രീയ്ക്ക് മാത്രമായി ബജറ്റില്‍ വകയിരുത്തി. നാടിന്റെ പുരോഗതിക്ക് കുടുംബശ്രീ അത്യാവശ്യ ഘടകമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
മികച്ച പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തിയതിന് ജില്ലാ കളക്ടര്‍ക്ക് വേണ്ടി എഡിഎം അലക്‌സ് പി തോമസ് വീണാ ജോര്‍ജ് എംഎല്‍എയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. അയല്‍ കൂട്ടങ്ങള്‍ക്കുള്ള സബ്‌സിഡി വിതരണം വീണാ ജോര്‍ജ് എംഎല്‍എയില്‍ നിന്നും ആറന്മുള കൈരളി, നെടുമ്പ്രം ഗൃഹലക്ഷ്മി, നിരണം അനുഗ്രഹ, പെരിങ്ങര ഉഷസ് അയല്‍ കൂട്ടങ്ങള്‍ ഏറ്റുവാങ്ങി. ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി ഏറ്റവും കൂടുതല്‍ ആര്‍കെഎന്‍എസ് തുക ലഭ്യമാക്കിയ നെടുമ്പ്രം സിഡിഎസിന് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ പുരസ്‌കാരം നല്‍കി. 2018 ലെ പ്രളയത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയ കലഞ്ഞൂര്‍ സിഡിഎസിനും കുറ്റൂര്‍ സി.ഡി എസിനും ,ജില്ലാ സഹകരണ ബാങ്കിന്റെ നിരണം ബ്രാഞ്ചിനും നെടുമ്പ്രം സര്‍വീസ് സഹകരണ ബാങ്കിനും പുരസ്‌കാരങ്ങള്‍ നല്കി. ഏറ്റവും കൂടുതല്‍ തുക വായ്പ അനുവദിച്ച സെന്‍ട്രല്‍ ബാങ്കിനും ഐസിഐസിഐ ബാങ്കിനും പ്രത്യേക പുരസ്‌കാരങ്ങള്‍ കൈമാറി.
ദുരന്തത്തിന്റെ ആഘാതത്തില്‍ പകച്ചുപോയ ജനതയ്ക്ക് തങ്ങളുടെ ജീവിതവും ജീവനോപാധികളും തിരിച്ച് പിടിക്കുന്നതിനുള്ള കൈതാങ്ങ് നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കിയ പദ്ധതിയാണ് റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം. പ്രളയ ബാധിതര്‍ക്ക് ഒറ്റത്തവണ സമാശ്വാസമായി 10,000 രൂപ ലഭിച്ചവര്‍ക്കാണ് വീട്ടുപകരണങ്ങളും ഗാര്‍ഹിക ഉപകരണങ്ങളും വാങ്ങുന്നതിനും ജീവനോപാധികള്‍ നേടുന്നതിനും ആവശ്യകത കണക്കാക്കി അവരെ കുടുംബശ്രീ അംഗമാക്കി ഒരു കുടുംബശ്രീ അംഗത്തിന് പരമാവധി 1,00,000 രൂപ വരെ പലിശ രഹിത വായ്പ ഈ പദ്ധതി വഴി നല്‍കിയത്. ഈ വായ്പ അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് ബാങ്കില്‍ നിന്നും ലഭ്യമാക്കിയത്. 36 മുതല്‍ 48 വരെ മാസം കൊണ്ട് ഒന്‍പത് ശതമാനം പലിശ സഹിതം വായ്പ തുക തിരിച്ചടയ്ക്കുകയും വായ്പയുടെ മുഴുവന്‍ പലിശയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. പത്തനംതിട്ട ജില്ലയില്‍ പ്രളയബാധിത അയല്‍ക്കൂട്ടങ്ങള്‍ക്ക് 124.26 കോടി രൂപ വായ്പ ലഭ്യമായി. 2020 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പലിശ ഇനത്തില്‍ നല്‍കേണ്ട 9,25,60,844 രൂപയാണ് ഇപ്പോള്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.