• admin

  • January 18 , 2020

കോട്ടയം : പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നാളെ നടക്കും. ജില്ലയില്‍ അഞ്ചു വയസ്സിനു താഴെയുളള 117539 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കുക. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍.സോന, കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മരുന്നു വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും അഞ്ചുവയസില്‍ താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. ജില്ലയില്‍ 1,245 വിതരണ ബൂത്തുകള്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കും. ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയിലാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. 45 ട്രാന്‍സിറ്റ് ബൂത്തുകളും 40 മൊബൈല്‍ ബൂത്തുകളുമുണ്ട്. പരിശീലനം സിദ്ധിച്ച 2,490 സന്നദ്ധപ്രവര്‍ത്തകരെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാണ് ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിപാടിക്കായി 10,000 വയല്‍ മരുന്നും ഐ.എല്‍.ആര്‍ ഡീപ് ഫ്രീസര്‍, കോള്‍ഡ് ബോക്‌സ്, വാക്‌സിന്‍ കാരിയര്‍ തുടങ്ങിയ രണ്ടായിരത്തിലധികം ശീതീകരണ ഉപാധികളും ഒരുക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം വീടുകള്‍ സന്ദര്‍ശിക്കുന്നതിന് വാളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അങ്കണവാടി-ആശാ- കുടുംബശ്രീ-ആരോഗ്യ പ്രവര്‍ത്തകരാണ് വോളന്റിയര്‍മാര്‍. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം സാമൂഹ്യക്ഷേമ വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷന്‍ തുടങ്ങിയവയുടെയും റോട്ടറി, ലയണ്‍സ്, റെഡ് ക്രോസ്സ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് മരുന്നു വിതരണം നടത്തുന്നത്.