• admin

  • February 17 , 2020

പൊള്ളലേറ്റു മരിച്ച വനപാലകരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് വനംമന്ത്രി : തൃശൂര്‍: കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കാട്ടുതീ കെടുത്തുന്നതിനിടെ പൊള്ളലേറ്റു മരിച്ച വനപാലകരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് വനം മന്ത്രി കെ രാജു. അവരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. തീയണയ്ക്കാന്‍ ആധുനിക സംവിധാനങ്ങളുടെ കുറവുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു തീ അണയ്ക്കുന്നതിനിടെയാണ് മൂന്ന് ഫോറസ്റ്റ് വാച്ചര്‍മാര്‍ മരിച്ചത്. ചെറുതുരുത്തിയില്‍നിന്ന് 17 കിലോമീറ്റര്‍ അകലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തില്‍ വനം ട്രൈബല്‍ വാച്ചര്‍ പെരിങ്ങല്‍ക്കുത്ത് വാഴച്ചാല്‍ ആദിവാസി കോളനിയിലെ ദിവാകരന്‍, താല്‍ക്കാലിക ജീവനക്കാരന്‍ വടക്കാഞ്ചേരി കൊടുമ്പ് എടവണ വളപ്പില്‍ വേലായുധന്‍, വടക്കാഞ്ചേരി കൊടുമ്പ് വട്ടപ്പറമ്പില്‍ ശങ്കരന്‍ എന്നിവരാണ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.