• admin

  • February 29 , 2020

ന്യൂഡല്‍ഹി :

പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിനെ സഹായിച്ചയാളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഷക്കീര്‍ ബഷീര്‍ മാഗ്രെ എന്നയാളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഓവര്‍ഗ്രൗണ്ട് വര്‍ക്കറാണ് ഇയാള്‍ എന്നാണ് സൂചന. ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ വെള്ളിയാഴ്ച ഹാജരാക്കി. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞദിവസം, പുല്‍വാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന കേസിലെ പ്രതി യൂസഫ് ചോപ്പന് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ എന്‍ഐഎ തള്ളിയതിന് പിന്നാലെയാണ് പുതിയ അറസ്റ്റ്. യൂസഫ് ചോപ്പനെ അറസ്റ്റ് ചെയ്തത് പുല്‍വാമ കേസില്‍ അല്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. ജൈഷ് ഗൂഢാലോചന കേസിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചതെന്നും എന്‍ഐഎ പറഞ്ഞു. കുറ്റപത്രം വൈകിയതിനാല്‍ യൂസഫ് ചോപ്പന് ജാമ്യം ലഭിച്ചു എന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. 2019 ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാര്‍ മരിച്ചിരുന്നു.