• Lisha Mary

  • April 1 , 2020

തിരുവനന്തപുരം : മദ്യാസക്തിക്ക് അടിപ്പെട്ടവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്‌സൈസ് പാസ്സുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്‍കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ എം ഡി സ്പര്‍ജന്‍ കുമാര്‍ ഉത്തരവ് പുറത്തിറക്കി. ഏറ്റവും വില കുറഞ്ഞ റമ്മും ബ്രാന്‍ഡിയുമാകും വിതരണം ചെയ്യുക. മദ്യം വീട്ടില്‍ എത്തിക്കുന്നതിന് 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കണമെന്നും ബെവ്‌കോ എംഡി ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. അംഗീകൃത സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കുറിപ്പടി അനുസരിച്ച് മാത്രമേ മദ്യം നല്‍കാവൂ. ഡോക്ടര്‍മാരുടെ കുറിപ്പടി അംഗീകരിച്ച് എക്‌സൈസാണ് പാസ്സ് അനുവദിക്കേണ്ടത്. എക്‌സൈസ് പാസിന് അപേക്ഷിക്കുമ്പോള്‍ മൊബൈല്‍ നമ്പരും നല്‍കണം. മദ്യം കൊണ്ടുവരുന്ന സമയം, വില എന്നിവയെല്ലാം മൊബൈലില്‍ അറിയാം. മദ്യാസക്തിയുണ്ടെന്ന് ഡോക്ടര്‍ രേഖപ്പെടുത്തണം. സീലും ഒപ്പുമെല്ലാം വ്യാജമല്ലെന്ന് ഉറപ്പുവരുത്തിയശേഷമാകും എക്‌സൈസ് ഓഫീസില്‍നിന്ന് പാസ് നല്‍കുക. ഒരാള്‍ക്ക് ഒരാഴ്ച മൂന്നു ലിറ്റര്‍ മദ്യം മാത്രമേ നല്‍കൂ. പാസ് ലഭിക്കുന്നവര്‍ക്ക് ബെവ്‌കോ ഗോഡൗണില്‍ നിന്നാകും മദ്യം നല്‍കുക. ബിവറേജസ് കോര്‍പ്പറേഷനാണ് വിതരണച്ചുമതല. മദ്യം വാങ്ങുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡുകളും എക്‌സൈസ് ഓഫീസില്‍ ഹാജരാക്കണം. ഒരു വ്യക്തി ഒന്നിലധികം പാസുകള്‍ നേടുന്നത് തടയും. എക്‌സൈസ് പാസുകള്‍ നല്‍കുന്നത് ഓണ്‍ലൈനില്‍ ബിവറേജസ് കോര്‍പ്പറേഷനും കൈമാറും. പ്രത്യേകം തയ്യാറാക്കിയ ഡെലിവറി വാനുകളിലാകും ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വിതരണം ചെയ്യുക. പാസുകളുടെ എണ്ണം അനുസരിച്ച് കൂടുതല്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെയര്‍ഹൗസ് ജീവനക്കാരെയോ, വേണമെങ്കില്‍ ഔട്ട്ലെറ്റ് ജീവനക്കാരെയോ വിതരണച്ചുമതല ഏല്‍പ്പിക്കാവുന്നതാണ്. വിതരണവാഹനത്തിന് വേണമെങ്കില്‍ പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ അകമ്പടിയും ആവശ്യപ്പെടാം. വാഹനത്തിന് പൊലീസിന്റെ പ്രത്യേകപാസും വാങ്ങും. മദ്യം എത്തിക്കുന്ന സമയത്ത് പാസ് ഉടമ വില നല്‍കി മദ്യം വാങ്ങണം. മദ്യവിതരണവുമായി സഹകരിക്കാത്ത ബെവ്‌കോ ജീവനക്കാരുണ്ടെങ്കില്‍ അവരുടെ പേരു വിവരങ്ങള്‍ ബെവ്‌കോ ഓഫീസിലേക്ക് കൈമാറണം. ഇത്തരത്തില്‍ നല്‍കുന്നവരുടെ അവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും ബെവ്‌കോ എം ഡി ഉത്തരവില്‍ വ്യക്തമാക്കുന്നു.