• admin

  • February 20 , 2020

ന്യൂഡല്‍ഹി :

കേന്ദ്ര മന്ത്രിമാരുടെ അടുത്ത സംഘം ഏപ്രിലില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷമായിരിക്കും സംഘം കശ്മീര്‍ സന്ദര്‍ശിക്കുക. സംഘത്തില്‍ 40 മന്ത്രിമാരുണ്ടാകും. ആദ്യ സംഘം മന്ത്രിമാര്‍ കശ്മീര്‍ സന്ദര്‍ശിച്ചതിനുശേഷമുള്ള സംഭവവികാസങ്ങള്‍ മന്ത്രിമാര്‍ വിലയിരുത്തും. 

സന്ദര്‍ശനത്തിന്റെ കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെന്നും വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചുകഴിഞ്ഞാല്‍ തീയതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റ് സമ്മേളനം മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ്. ഇതിന് ശേഷം ഏപ്രില്‍ മാസത്തില്‍ സംഘം സന്ദര്‍ശനം നടത്തുമെന്നാണ് വിവരം. 

സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത്. ഓരോ മന്ത്രിമാര്‍ക്കും വ്യത്യസ്ത ജില്ലകള്‍ അനുവദിച്ച് നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ 10 ജില്ലകളില്‍ മന്ത്രിമാര്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് വിവരം. 

കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ബജറ്റിന് ശേഷം പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ നിരക്കും മന്ത്രിമാരുടെ സംഘം പരിശോധിക്കും. നേരത്തെ ജമ്മു കശ്മീരിനായി 30,757 കോടി രൂപ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ഉദ്ഘാടനംചെയ്ത ചില പദ്ധതികളെക്കുറിച്ച് മന്ത്രിമാര്‍ വിലയിരുത്തലുകള്‍ നടത്തും. വികസന പദ്ധതികള്‍ക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. പുരോഗതിയനുസരിച്ച് മന്ത്രിമാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി 18 മുതല്‍ 24 വരെ ഏഴ് മന്ത്രിമാരുടെ ആദ്യ സംഘം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.