• admin

  • February 5 , 2020

തിരുവനന്തപുരം : എന്‍ഐഎ ഏറ്റെടുത്ത പന്തീരാങ്കാവ് യുഎപിഎ കേസ് സംസ്ഥാനത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ കേസ് തിരികെ സംസ്ഥാനത്തിന് ഏല്‍പ്പിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും അമിത്ഷായെ സമീപിച്ച് ഈ അനുമതി വാങ്ങണമെന്നും പ്രതിപക്ഷം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പന്തീരാങ്കാവ് യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യ്ക്ക് കൈമാറിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. കേന്ദ്രം സ്വമേധയാ ഏറ്റെടുത്തതാണ്. കേസ് എന്‍ഐഎ ഏറ്റെടുത്തതിന് നിയമപരമായ പിന്‍ബലമുണ്ട്. സര്‍ക്കാര്‍ പരിശോധിക്കും മുമ്പ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. എന്‍ഐഎ അന്വേഷണത്തിന് നിര്‍ദേശിച്ചത് കേന്ദ്രസര്‍ക്കാരാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.