• admin

  • January 15 , 2020

തിരുവനന്തപുരം : പത്തുമണിക്കൂറോ അതിലധികമോ ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരുദിവസം പകരം അവധി നല്‍കും. ഗസറ്റഡ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് ഈ കോമ്പന്‍സേറ്ററി ഓഫ് ആനുകൂല്യം ലഭിക്കും. എല്ലാ ദിവസത്തെയും നിര്‍ബന്ധിത പ്രവൃത്തിസമയമായ ഏഴുമണിക്കൂര്‍ കഴിഞ്ഞുള്ള ജോലിസമയമാണ് അധികസമയമായി കണക്കാക്കുന്നത്. ബയോമെട്രിക് പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകുക. ജീവനക്കാര്‍ വരുമ്പോഴും പോകുമ്പോഴും തിരിച്ചറിയല്‍ കാര്‍ഡ് മുഖേനയോ പെന്‍നമ്പര്‍ രേഖപ്പെടുത്തിയോ ഹാജര്‍ രേഖപ്പെടുത്തണം. പ്രതിമാസം അനുവദിച്ചിട്ടുള്ള പരമാവധി ഗ്രേസ് സമയം 300 മിനിറ്റാണ്. ഒരുദിവസം വിനിയോഗിക്കാവുന്നത് ഒരു മണിക്കൂറും. ഓരോ മാസവും 16 മുതല്‍ അടുത്ത 15 വരെയാണ് ഗ്രേസ് സമയം കണക്കാക്കുന്നത്. പകുതിദിവസത്തെ ജോലിക്കും ഗ്രേസ് സമയം അനുവദിക്കും. അവധിയപേക്ഷയും സ്പാര്‍ക്കിലൂടെയാണ് നല്‍കേണ്ടത്. അല്ലാത്തപക്ഷം അനധികൃത അവധിയായി കണക്കാക്കി ഈ ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കും. പിന്നീട് അവധിക്ക് അപേക്ഷിച്ചാല്‍ ശമ്പളം നല്‍കുമെന്നത് ജീവനക്കാര്‍ക്ക് ആശ്വാസമാണ്. ഗ്രേസ് സമയം കഴിഞ്ഞ് വൈകിയെത്തുന്നവരും നേരത്തേ പോകുന്നവരും അവധിക്ക് അപേക്ഷിച്ചില്ലെങ്കില്‍ ശമ്പളം കുറയ്ക്കും. ഗ്രേസ് സമയത്തിനു പുറമേ, വൈകി വരുന്നതോ നേരത്തേ പോകുന്നതോ അനുവദിക്കില്ല. ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ഓഫീസുകളിലും ആധാര്‍ അധിഷ്ടിത സോഫ്റ്റ്വേറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ച് പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ദിവസവേതന, താത്കാലിക, കരാര്‍ ജീവനക്കാരെ പഞ്ചിങ്ങില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.