• admin

  • January 19 , 2020

ആലപ്പുഴ :

ദേശീയ-അന്തര്‍ദേശീയ നൈപുണ്യ മത്സരങ്ങളുടെ കേളിക്കൊട്ടായി സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാതല നൈപുണ്യ മത്സരങ്ങള്‍ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ, വനിതാ ഐ.ടി.ഐ. എന്നിവിടങ്ങളിലായി നടന്ന മത്സരങ്ങളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ യുവജനങ്ങളുടെ പങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്. 18 ഇനങ്ങളിലായി 300-ല്‍ പരം പേരാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പല മത്സരങ്ങളിലും സ്ക്രീനിങ്ങ് നടത്തിയാണ് ഫെനല്‍ മത്സരത്തിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തത്.
വെല്‍ഡിംഗ്, ഓട്ടോമൊബൈല്‍, ഗ്രാഫിക് ഡിസൈനിംഗ്, കാര്‍പെന്‍ററി, ജോയിനറി, ക്യാബിനറ്റ് മെക്കിംഗ്, ബ്രിക് ലേയിംഗ്, പ്ലംബിംഗ് ആന്‍റ് ഹീറ്റിംഗ്, പെയിന്‍റിംഗ് ആന്‍റ് ഡെക്കറേറ്റിംഗ്, റഫ്രിജറേഷന്‍ ആന്‍റ് എയര്‍ കണ്ടീഷനിംഗ്, വാള്‍ ആന്‍റ് ഫ്ളോര്‍ ടൈലിംഗ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍, ഓട്ടോബോഡി റിപ്പയര്‍, ഫാഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് കാഡ്, ഫ്ളോറസ്ട്രി, വെബ് ഡിസൈനിംഗ് ആന്‍റ് ഡവലപ്മെന്‍റ് എന്നീ ട്രേഡുകളിലാണ് കുട്ടികള്‍ മാറ്റുരയ്ക്കുന്നത്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി മുതല്‍ മത്സരങ്ങളുടെ ഭാഗമായി എന്നത് പരിപാടിയുടെ സ്വീകാര്യത വിളിച്ചോതുന്നു. എട്ടില്‍ പഠിക്കുന്ന നന്ദു സന്തോഷ്, ഒമ്പതാം ക്ലാസുകാരന്‍ ധീരജ് ശങ്കര്‍ എന്നിവരെ മത്സരത്തിലെ താരങ്ങളാണെന്നു തന്നെ പറയാം. വയറിംഗിനാണ് ഇരുവരും തങ്ങളേക്കാള്‍ മുതിര്‍ന്നവരോട് മാറ്റുരയ്ക്കുന്നത്. ഫ്ളോറിസ്ട്രി, ഫാഷന്‍ ടെക്നോളജി എന്നീ മത്സരയിനങ്ങള്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തവും കരവിരുതും കൊണ്ട് ശ്രദ്ധേയമാണ്. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും (കെയ്സ്) സംയുക്തമായാണ് ജില്ലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ജനുവരി 15-ന് ആരംഭിച്ച മത്സരങ്ങള്‍ 20-ന് സമാപിക്കും. മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ജനുവരി 27 മുതല്‍ 31 വരെയും നടക്കും. സംസ്ഥാനതല മത്സരങ്ങള്‍ ഫെബ്രുവരി 22 മുതല്‍ 24 വരെ കോഴിക്കോട് സ്വപ്ന നഗരിയിലാണ് നടക്കുക. മുന്‍ വര്‍ഷം നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 സ്കില്ലുകളിലാണ് മത്സരങ്ങള്‍ നടത്തിയത്. ഇത്തവണ 42 സ്കില്ലുകളാക്കിയിട്ടുണ്ട്.
ജില്ലയില്‍ നിന്ന് പരമാവധി യുവാക്കളെ പങ്കെടുപ്പിക്കാനായി സംഘടിപ്പിച്ച ഫ്ളാഷ് മോബ് അടക്കമുള്ള പ്രചാരണങ്ങളാണ് പരിപാടിയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചതെന്ന് ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ മിനി മാത്യു പറഞ്ഞു. ജില്ലയിലെ ഐ.ടി.ഐകളില്‍ നിന്നുള്ള സംഘങ്ങള്‍ സ്കൂളുകള്‍, കോളേജുകള്‍ മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മത്സരങ്ങളിലേക്കുള്ള  തത്സമയ രജിസ്ട്രേഷന്‍ സൗകര്യം ഈ പര്യടന സംഘങ്ങള്‍ക്കൊപ്പം ലഭ്യമായിരുന്നു. ദേശീയ ജേതാക്കള്‍ക്ക് ചൈനയിലെ ഷാങ്ഹായിയില്‍ നടക്കുന്ന വേള്‍ഡ് സ്കില്‍സ് 2021 മേളയില്‍ പങ്കെടുക്കാം.