• Lisha Mary

  • March 10 , 2020

ഇടുക്കി : കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ജില്ലയില്‍ ഊര്‍ജിതമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുന്നു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്നു. നിലവില്‍ ഒരു തരത്തിലുമുള്ള പരിഭ്രാന്തിക്കും ഇടയില്ലെന്ന് യോഗം വിലയിരുത്തി. സമൂഹത്തിന്റെ എല്ലാ മേഖലകളും ആരോഗ്യവകുപ്പും മറ്റ് ഏജന്‍സികളും നിരീക്ഷിച്ചുവരുകയാണ്. ജില്ലയില്‍ ഇപ്പോള്‍ 28 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ഒരു ഉത്തരേന്ത്യക്കാരന്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നുണ്ടെന്നും ആര്‍ക്കും തന്നെ കൊറൊണ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡിഎംഒ ഡോ. എന്‍. പ്രിയ അറിയിച്ചു. നിലവില്‍ ഇടുക്കി മെഡിക്കല്‍ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി, അല്‍അസര്‍ മെഡിക്കല്‍ കോളേജ്, തൊടുപുഴ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രി, കട്ടപ്പന സെന്റ് ജോണ്‍സ്, അടിമാലി മോണിംഗ് സ്റ്റാര്‍, തൊടുപുഴ ചാഴികാട് തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കും. യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പോലീസ് മേധാവി പി. കെ. മധു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍., ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എന്‍. ബി. ബിജു, ഡോ. ജോബിന്‍, ഡോ. ഖയാസ്, ജിജില്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങരുത് രോഗം സംബന്ധിച്ച വ്യാജ പ്രചാരണങ്ങളില്‍ ആരും കുടുങ്ങരുതെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍. വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാനം. വൈറസ് രോഗമായതിനാല്‍ നിലവില്‍ പ്രതിരോധ മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണം. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരും നേരിട്ട് ആശുപത്രിയില്‍ വരേണ്ടതില്ല. അവര്‍, 0486 2233130,  0486 2233111, ദിശ - 1056, ഈ നമ്പറുകളില്‍ ബന്ധപ്പെടുകയും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണം. രോഗലക്ഷണങ്ങള്‍ ഉളളവര്‍ കഴിവതും പൊതുപരിപാടികളും പൊതുയാത്രാ സംവിധാനങ്ങളും ഒഴിവാക്കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ചോ, ഹാന്‍ഡ് സാനിട്ടൈസര്‍ ഉപയോഗിച്ചോ കഴുകേണ്ടതും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ, ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മറയ്ക്കണം. അനാവശ്യമായ ആശൂപത്രി സന്ദര്‍ശനവും രോഗീ സന്ദര്‍ശനവും ഒഴിവാക്കണം. ടൂറിസം കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുത് വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമളി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും പുതിയ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ നിര്‍ദ്ദേശിച്ചു. കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ റിസോര്‍ട്ട് ഹോട്ടല്‍ ഉടമകളുടെയും ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെയും അടിയന്തര യോഗങ്ങള്‍ നടന്നുവരുന്നു. ഈ കേന്ദ്രങ്ങളില്‍ പോലീസിന്റെയും ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ വിദേശികളായ ടൂറിസ്റ്റുകളുടെ കണക്ക് എടുക്കാനും ഈ മേഖലകളില്‍ ബോധവത്കരണം നടത്താനും തീരുമാനിച്ചു. ആശുപത്രിയില്‍ പോകേണ്ട; വിളിച്ചാല്‍ മതി കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വന്നിട്ടുള്ളവരോ അവരുമായി എന്തെങ്കിലും സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരോ നേരിട്ട് ആശുപത്രികളിലേക്കോ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ പോകേണ്ടതില്ല. താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലാ കണ്‍ട്രോള്‍ റൂം 8281 078 680, 9495 962 691, 9544 409 240, 8281 078 680, 8547 054 770.