• Lisha Mary

  • March 8 , 2020

കൊച്ചി :

സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കി. വിദേശത്തു നിന്നും എത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കൂ. മലേഷ്യ, സിങ്കപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ മറ്റു യാത്രക്കാരുമായി ഇടപഴകാന്‍ അനുവദിക്കില്ല. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പ്രത്യേക എമിഗ്രേഷന്‍, ഹാന്‍ഡ് ബാഗേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്കായി എയ്‌റോ ബ്രിഡ്ജും പാര്‍ക്കിംഗ് ബേയും സജ്ജമാക്കും. 

മൂന്ന് രാജ്യങ്ങളില്‍ നിന്നും വന്ന യാത്രക്കാരെ പരിശോധിക്കാനും ബാഗേജ് ക്ലിയറന്‍സിനും പ്രത്യേക സൗകര്യം ഒരുക്കും. പ്രത്യേക ആരോഗ്യപരിശോധനയും നടത്തും. ഈ രാജ്യങ്ങളിലെ വിമാനങ്ങള്‍ വന്നുപോയാല്‍ പ്രദേശങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ നടത്തും.

പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച കുടുംബം സഞ്ചരിച്ച വിമാനങ്ങളിലെ യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ കൈമാറാന്‍ കൊച്ചി വിമാനത്താവള അധികൃതര്‍ (സിയാല്‍) ഖത്തര്‍ എയര്‍വെയ്‌സിനോട് ആവശ്യപ്പെട്ടു. 179 യാത്രക്കാരാണ് രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം യാത്ര ചെയ്തത്. ഇവര്‍ എത്രയും വേഗം ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അഭ്യര്‍ത്ഥിച്ചു. 

കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ഇവരുടെ വിവരങ്ങള്‍ അതാത് ജില്ലകളിലെ ഡിഎംഒമാര്‍ക്ക് നല്‍കും. വിദേശത്തുനിന്നെത്തുന്ന മുഴുവന്‍ യാത്രക്കാരെയും ഇപ്പോള്‍ പരിശോധിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

കൊറോണ ബാധിതര്‍ എത്തിയ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉണ്ടായിരുന്നവര്‍ പരിശോധനയ്ക്ക് വിധേയമാകണം.  വിമാനത്താവള ജീവനക്കാരെ അടിയന്തര പരിശോധനക്ക് വിധേയമാക്കും. കൊച്ചി വിമാനത്താവളത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ഡിഎംഒ, വിമാനത്താവളം ആരോഗ്യ വകുപ്പ് വിഭാഗം ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.