• admin

  • February 17 , 2020

കൊച്ചി : നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതി എസ്ഐ കെ.എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണു സാബുവിനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരുമാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തിരുന്നത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. എല്ലാവരും പൊലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടക്കുന്നതിനിടയില്‍ ഏഴ് പ്രതികളും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് ഒന്നാംപ്രതി സാബുവിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കേസിലെ മറ്റ് ആറ് പ്രതികളുടെ ജാമ്യം റദ്ദാക്കാനും സിബിഐ കോടതിയെ സമീപിക്കും. സിബിഐ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ 2019 ജൂണ്‍ 21 നാണ് മരിച്ചത്. രാജ്കുമാര്‍ ക്രൂരമര്‍ദനത്തിന് ഇരയായി എന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.