• Lisha Mary

  • March 6 , 2020

ആലപ്പുഴ : സ്‌കൂള്‍ കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ ബാല പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും.  പഞ്ചായത്തിന്റെ 'വയല്‍ പച്ച' എന്ന പദ്ധതിയിലൂടെയാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് നെല്‍കൃഷി പരിചയപ്പെടുത്തുന്നത്. പഞ്ചായത്തിലെ നാല് സ്‌കൂളുകളില്‍ നിന്നായി നാല് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. കൃഷിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ അവരുടെ രക്ഷിതാക്കളുടെ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കത്ത് സ്‌കൂളില്‍ നല്‍കണം. കത്ത് നല്‍കിയ കുട്ടികളെ മാത്രമേ പദ്ധതിയുടെ ഭാഗമാക്കൂ. കൃഷിയുടെ നിലം ഒരുക്കുന്നത് മുതല്‍ എല്ലാ ജോലികളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കും. പഞ്ചായത്തിലെ തെക്കേക്കരി, പെരുന്തുരുത്തുകരി, പവനക്കല്‍കരി എന്നീ പാടശേഖരങ്ങളിലാണ് കൃഷി. സ്‌കൂള്‍ വിട്ടതിനു ശേഷമാണ് പരിശീലനം നല്‍കുന്നത്. ഒരു പാടത്ത് ആറ് ക്ലാസുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. പദ്ധതിയിലൂടെ കുട്ടികള്‍ക്ക് 18 ക്ലാസുകള്‍ നല്‍കാനാണ് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും തീരുമാനം. ഇതിനകം വിവിധ പാടശേരങ്ങള്‍ 6 ക്ലാസ്സുകള്‍ നല്‍കിക്കഴിഞ്ഞു. പഞ്ചായത്ത് പരിധിയിലെ പൊന്നാട് എല്‍പി സ്‌കൂള്‍, മണ്ണഞ്ചേരി ഹൈസ്‌കൂള്‍, തമ്പകച്ചുവട് യുപി സ്‌കൂള്‍, ആര്യാട് ലോവര്‍ യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് ക്ലാസ് നല്‍കുന്നത്. വയല്‍ പച്ചക്കായി ഒരു ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. നിലം ഒരുക്കുന്നത് മുതല്‍ വിതക്കല്‍, ഞാറുനടീല്‍, വളം ഇടല്‍, കതിരു കാണിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് കൃഷിയുമായി ബന്ധപ്പെട്ട് കുട്ടികളെ പഠിപ്പിക്കുന്നത്. നെല്‍കൃഷിയെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് താല്‍പ്പര്യവും അതിലേറെ ആകാംക്ഷയുമാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥ ടി. വി. റെജി പറഞ്ഞു. കര്‍ഷകര്‍, പാടശേഖര സമിതി അംഗങ്ങള്‍, കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് കൃഷിയുടെ ബാലപാഠങ്ങള്‍ പറഞ്ഞു നല്‍കുന്നത്. കതിരണിഞ്ഞു നില്‍ക്കുന്ന പാടങ്ങളിലെ കൊയ്ത്ത് കുട്ടികളെ പങ്കെടുപ്പിച്ചു ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തും കൃഷി വകുപ്പും.