• admin

  • February 21 , 2022

കൽപ്പറ്റ : ഇന്ന് ബാലശാസ്ത്രകോൺഗ്രസിന്റെ ദേശീയ വേദിയിൽ എത്തി നിൽക്കുമ്പോൾ ആദിത്യ ബിജുവിനും വിഷ്ണു പ്രിയക്കും പരിഭ്രമമോ സഭാകമ്പമോ ഒന്നും തന്നെയില്ല. കാരണം സകല കടമ്പകളെയും തരണം ചെയ്ത് ആദ്യത്തെ അവതരണത്തിലൂടെ തന്നെ ഇവർ എത്തിനിൽക്കുന്നത് ബാലശാസ്ത്ര കോൺഗ്രസ്സിന്റെ ദേശീയ വേദിയിലാണ്.ഫെബ്രുവരി 15,16,17,18 തിയ്യതികളിലായി നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കികൾ.കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിവിധ വിഷയങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 100 ഓളം പ്രൊജക്ടുകളിൽ ഇന്ത്യയിലാകമാനം തിരഞ്ഞെടുത്ത മികച്ച ഇരുപത് പ്രൊജക്ടുകളിലും ഇവർ ഇടം നേടിയിട്ടുണ്ട് ."കാപ്പി തോട്ടത്തിലെ ജൈവവൈവിധ്യം : ഉറുമ്പുകളിലൂടെ " എന്ന വ്യത്യസ്തവും കൗതുകകരവുമായ വിഷയത്തിലുള്ള പ്രൊജക്ട് അവതരണമാണ് ആദിത്യയെയും വിഷ്ണുപ്രിയയെയും സമ്മാനാർഹരാക്കിയത്. വ്യത്യസ്ത തരം ഉറുമ്പുകൾ ആവാസവ്യവസ്ഥയുടെ സന്തുലനത്തിൽ വഹിക്കുന്ന പങ്കിനെ കുറിച്ചുള്ള അന്വേഷണങ്ങളാണ് ഈ പഠനത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. അതിരാറ്റ്കുന്നിലെ കാപ്പിത്തോട്ടങ്ങളിലെയും റബ്ബർത്തോട്ടങ്ങളിലെയും ഉറുമ്പുകളുടെയും മറ്റു അനുബന്ധ ജൈവവൈവിധ്യത്തെയുംക്കുറിച്ചുള്ള ഒരു താരതമ്യ പഠനമാണ് ഇവർ നടത്തിയിട്ടുള്ളത്. ഒരു കാർഷിക ആവാസ വ്യവസ്ഥ എന്ന നിലയിൽ കാപ്പിത്തോട്ടം ജൈവവൈവിധ്യം നിലനിർത്തുന്നതിൽ എത്രത്തോളം പങ്കുവഹിയ്ക്കുന്നു എന്ന കണ്ടെത്തലും വ്യക്തമാക്കലുമായിയിരുന്നു പഠനത്തിന്റെ പ്രധാനലക്ഷ്യം. ശാസ്ത്രീയപഠനങ്ങൾ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വായനകളിൽ നിന്നുമാണ് വിദ്യാർത്ഥികൾ പഠനത്തിന്റെ രീതിശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ട്രാൻസെക്ട് വാക്ക്, പിറ്റ് ഫോൾ ട്രാപ്പ്,ബേയ്റ്റ് ട്രാപ് എന്നീ രീതികൾ ആണ് പഠനത്തിനായി അവലംബിച്ചിട്ടുള്ളത്.ഒപ്പം തന്നെ ഉറുമ്പുകളെ തിരിച്ചറിയുന്നതിനായി വിവിധ ശാസ്ത്ര പുസ്തകങ്ങളെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കാപ്പി, റബ്ബർ തോട്ടങ്ങളിൽ തുടർച്ചയായ ആറു ദിവസങ്ങളിലായാണ് പഠനം നടത്തിയത്. കാപ്പി തോട്ടത്തിലും റബ്ബർതോട്ടത്തിലുമായി നടത്തിയ താരതമ്യ പഠനത്തിൽ റബ്ബർ തോട്ടത്തെ അപേക്ഷിച്ച് കാപ്പി തോട്ടത്തിലെ ജന്തു വൈവിധ്യം വളരെ കൂടുതലാണ് എന്നാണ് ഇവർ പറയുന്നത്. റബ്ബറിലെ പാലിന്റെ സാന്നിധ്യം ചെറു കീടങ്ങളുടെയും പ്രാണികളുടെയും നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്നതാണ് ഇതിനു കാരണമെന്നും വിദ്യാർത്ഥികൾ കണ്ടെത്തി.കൂടാതെ ഒരു പ്രദേശത്തിന്റെ ജൈവ സമ്പന്നതയുടെ അടയാളപ്പെടുത്തലാണ് ഉറുമ്പുകൾ എന്ന അറിവും ഇവർ നമ്മളിലേക്ക് പകർന്നു നൽകുന്നുണ്ട്. കാർഷികമേഖലയുടെ നിലനിൽപ്പ് സാമ്പത്തിക സുരക്ഷിതത്വത്തിനും ആരോഗ്യസംരക്ഷണത്തിനും അനിവാര്യമെന്ന പോലെതന്നെ പരിസ്ഥിതിയിലെ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ ഉറുമ്പുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ കൃഷിരീതികളെ പ്രോത്സാഹിപ്പിക്കാനും ഒപ്പം തന്നെ മറ്റു ജീവികളെ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണമെന്ന സന്ദേശമാണ് പഠനത്തിനൊടുവിൽ ആദിത്യക്കും വിഷ്ണുപ്രിയക്കും സമൂഹത്തോട് പങ്കുവെക്കാനുള്ളത്. ഒപ്പം തന്നെ മുൻകരുതലോട് കൂടി മുന്നോട്ടു പോയാൽ മാത്രമേ ആവാസവ്യവസ്ഥയിൽ വിള്ളലുകൾ ഉണ്ടാകാതെ സ്വാഭാവിക സസ്യ ജന്തു ആവാസ വ്യവസ്ഥയെ നിലനിർത്താൻ സാധിക്കുകയുള്ളൂ എന്നും ഈ കൊച്ചു കൂട്ടുകാർ പറഞ്ഞുവയ്ക്കുന്നു. വയനാടിലെ ഉൾപ്രദേശത്തു സ്ഥിതി ചെയ്യുന്ന അതിരാറ്റു കുന്ന് എച്ച് എസ് ഇസിൽ നിന്നും ബാലശാസ്ത്രകോൺഗ്രസിന്റെ ദേശീയ വേദിയിലേക്കുള്ള യാത്രയിൽ വിദ്യാർതികൾക്ക് മാർഗനിർദ്ദേശം നൽകിയതും അവർക്ക് പരിശീലനം നൽകിയതും വയനാട് ജില്ലയിലെ തന്നെ കല്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഹ്യും സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലെ അധ്യാപകരായ ദിവ്യ മനോജും ആതിര സിനോജുമാണ്.ശാസ്ത്ര കോൺഗ്രസിൽ തന്നെ ജില്ലാ -സംസ്ഥാന തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു നാലോളം ടീമുകൾക്കും ഇവർ മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്.ശാസ്ത്രാധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തിക്കൊണ്ട് സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുക,ആവാസവ്യവസ്ഥകളെ സംബന്ധിച്ച ശാസ്ത്രീയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതെല്ലാമാണ് ഹ്യും സെന്ററിന്റെ ലക്ഷ്യങ്ങൾ.