• admin

  • January 22 , 2020

: കൊച്ചി :തോട്ടം മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് തൊഴിലാളികളുടെയും തോട്ടം ഉടമകളുടേയും സഹകരണവും കൂട്ടായ്മയും അനിവാര്യമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തോട്ടം നയത്തിനു മുന്നോടിയായി പുറത്തിറക്കിയ കരട് പ്ലാന്റേഷന്‍ നയം സംബന്ധിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടം മേഖലയുടെ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനു സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് സമഗ്രമായ പ്ലാന്റേഷന്‍ നയം ആവിഷ്‌കരിക്കാനുള്ള തീരുമാനം. മേഖലയുടെ സമഗ്ര പുരോഗതിക്ക് തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. തോട്ടങ്ങളുടെ തനിമ നഷ്ടപ്പെടാതെ വൈവിധ്യവത്കരണത്തിന്റെ മാര്‍ഗങ്ങള്‍ ആരായാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നയം വഴി ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പശ്ചിമഘട്ട മേഖലയിലെ ജലം, മണ്ണ്, വായു എന്നിവ സംരക്ഷിക്കല്‍, തോട്ടവിളകളുടെ വികസനത്തിനായി കോ-ഓര്‍ഡിനേഷന്‍ സമിതി, സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളെയും ഉള്‍പ്പെടുത്തി ഡേറ്റാ ബാങ്ക്, വ്യവസായ സംരംഭങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്ക് കൂടി ലഭ്യമാക്കല്‍, എല്ലാ തോട്ടവിളകള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ, തോട്ടങ്ങളുടെ പാട്ടക്കരാര്‍ സമയ ബന്ധിതമായി പുതുക്കല്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള 24 തോട്ടങ്ങള്‍ ലാഭകരമായി നടത്താനുള്ള കര്‍മ്മപദ്ധതി തുടങ്ങിയവ നയം മുന്നോട്ടുവെക്കുന്നു. പൊതു-സ്വകാര്യ മേഖലകളിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവെന്ന നിലവില്‍ തോട്ടം മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലേയ്ക്കായി തൊഴിലാളികള്‍ക്കായി നൈപുണ്യ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികള്‍ തോട്ടം മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കും. എല്ലാ തോട്ടങ്ങളെയും ഉള്‍പ്പെടുത്തി ഡേറ്റാ ബാങ്ക് രൂപീകരിക്കും. വ്യവസായ സംരംഭങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്ക് കൂടി ലഭ്യമാക്കുന്നതിന് വ്യവസായ വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. എല്ലാ തോട്ടവിളകള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് ജില്ലയില്‍ തോട്ടം തൊഴിലാളികള്‍ക്ക് കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് വിനിയോഗിച്ച് 100 വീടുകള്‍ നിര്‍മിക്കും. ഇതിനുപുറമെ വയനാട്ടിലും പീരുമേട്ടിലും ഭവന പദ്ധതിക്കായി ഭൂമി കണ്ടെത്താനുള്ള നടപടി സ്വീകരിച്ചുവരുന്നു. പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സിനു കീഴിലുള്ള തൊഴിലാളികള്‍ക്ക് ഭവനം ഫൗണ്ടേഷന്റെ ഓണ്‍ യുവര്‍ ഓണ്‍ ഹൗസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കിലെ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം പി.കെ. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു.