• admin

  • January 8 , 2020

: തിരുവനന്തപുരം: തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതിലും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴില്‍ സ്ഥാപനങ്ങളുടെ മികവിനു നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍മേഖലയില്‍ നിലനിന്നിരുന്ന അരാജക പ്രവണതകള്‍ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ അവസാനിപ്പിക്കുകയും പുതിയ തൊഴില്‍സംസ്‌കാരം രൂപപ്പെടുത്തുകയും ചെയ്തത് സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ വരുന്ന മേഖലകളില്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വേതനം പുതുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 36 തൊഴില്‍മേഖലകളില്‍ ഇതിനോടകം മിനിമം വേതനം പുതുക്കി. തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്ലാന്റേഷന്‍ നയം പ്രഖ്യാപിക്കും. പ്ലാന്റേഷന്‍ ഡയറക്ടറേറ്റും ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വ്യാപാര-വാണിജ്യ-വ്യവസായ മേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ ഗ്രേഡിംഗ് വഴിയൊരുക്കിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രേഡിംഗ് സംവിധാനത്തില്‍ സംസ്ഥാനത്തെ എല്ലാ കച്ചവടക്കാരെയും സ്ഥാപന ഉടമകളെയും കൊണ്ടുവരുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിന്റെയും ജീവനക്കാര്‍ക്ക് നല്‍കിവരുന്ന മികച്ച സേവന വേതന വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് ഗ്രേഡിങ് നടത്തി വജ്ര, സുവര്‍ണ്ണ, രജത പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. മികച്ച തൊഴില്‍ദാതാവ്, സംതൃപ്തരായ തൊഴിലാളികള്‍, മികവുറ്റ തൊഴില്‍ അന്തരീക്ഷം, തൊഴില്‍നൈപുണ്യ-വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദാന്തരീക്ഷം, തൊഴിലാളിക്ഷേമം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയാണ് ഗ്രേഡിംഗിന്റെ മാനദണ്ഡങ്ങള്‍. 2018ലെ ഗ്രേഡിംഗില്‍ 497 സ്ഥാപനങ്ങളാണ് മികവു പുലര്‍ത്തിയത്. 308 സ്ഥാപനങ്ങള്‍ വജ്ര, 112 സ്ഥാപനങ്ങള്‍ സുവര്‍ണ, 77 സ്ഥാപനങ്ങള്‍ രജത ഗ്രേഡുകള്‍ കരസ്ഥമാക്കി. വജ്ര പുരസ്‌കാര ജേതാക്കളില്‍ ഓരോ മേഖലയിലും ഏറ്റവും മികവു പുലര്‍ത്തിയതിന് ശ്രീധരീയം ആയൂര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, ബ്രോഡ് ബീന്‍, എ ഗീരിപൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, സ്റ്റാല്‍ ഹെല്‍ത്ത് ആന്‍ഡ് അലയ്ഡ് ഇന്‍ഷ്വറന്‍സ് കമ്പനി, അബാദ് ടര്‍ട്ടില്‍ റിസോട്ട്, കുമരകം ലേക് റിസോട്ട്, മലബാര്‍ ഗോള്‍ഡ് പാലസ്, കീസ് ഹോട്ടല്‍ തിരുവനന്തപുരം, പി.എ. സ്റ്റാര്‍ സെക്യൂരിറ്റി സര്‍വീസ് എന്നിവയ്ക്ക് പ്രത്യേക മൊമെന്റോയും മന്ത്രി സമ്മാനിച്ചു. കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലേബര്‍ കമ്മീഷണര്‍ സി.വി. സജന്‍ അധ്യക്ഷത വഹിച്ചു .