• admin

  • October 16 , 2022

കല്‍പ്പറ്റ : മേപ്പാടി തൊള്ളായിരംകണ്ടിയിലെ അനധികൃത മരംമുറിയും ചെക്ഡാം നിര്‍മാണവും തടയണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും ഉയരം കൂടിയതും പരിസ്ഥിതി ദുര്‍ബലവും അപൂര്‍വ സസ്യ-ജന്തു സമ്പത്തിന്റെ കലവറയുമാണ് തൊള്ളായിരംകണ്ടി. ഇവിടെ എസ്റ്റേറ്റിലാണ് മരം മുറിയും തടയണ നിര്‍മാണവും നടക്കുന്നത്. കേരള വൃക്ഷ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ അഞ്ചില്‍പ്പെടുന്നതാണ് എസ്റ്റേറ്റ്. ഇത്തരം ഭൂമിയില്‍ ഉടമകള്‍ക്ക് കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രണ് അനുവാദം. വൃക്ഷ ശിഖരങ്ങള്‍ മുറിക്കുനതിനുപോലും വനം വകുപ്പിന്റെ അനുമതി വേണം. എസ്റ്റേറ്റില്‍ കൃഷിയിതര പ്രവര്‍ത്തനങ്ങള്‍ക്കു വിലക്കുണ്ടെങ്കിലും ടൂറിസം നടക്കുന്നുണ്ട്. ഇതിനു പഞ്ചായത്തും വനം അധികൃതരും കൂട്ടുനില്‍ക്കുകയാണ്. 2019ലെ പൂത്തുമല ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം തൊള്ളായിരംകണ്ടിയാണ്. 2020ലെ മുണ്ടക്കെ ഉരുള്‍പൊട്ടലിന്റെ തുടക്കവും ഇതിനടുത്താണ്. ചെറുതും വലുതുമായ നിരവധി ഉള്‍പൊട്ടലുണ്ടായ മലനിരകളെ സെസും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും റെഡ് സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊള്ളായിരംകണ്ടിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാനും മരങ്ങള്‍ മുറിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നും സമതി ആവശ്യപ്പെട്ടു. തോമസ് അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. വി.എം. മനോജ്, എന്‍. ബാദുഷ, ബാബു മൈലമ്പാടി, സണ്ണി മരക്കടവ് എന്നിവര്‍ പ്രസംഗിച്ചു.