• admin

  • February 10 , 2020

മലപ്പുറം : തിരൂര്‍ തുഞ്ചന്‍ ഉത്സവം സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. നാടിനെയും സമൂഹത്തെയും സംസ്‌കാരത്തെയും ഭാഷയെയും ചൂഴ്ന്നു നില്‍ക്കുന്ന പ്രശ്‌നങ്ങളാണ് തുഞ്ചന്‍ ഉത്സവത്തില്‍ ചര്‍ച്ച ചെയ്തതെന്നും എന്തിനാണ് കല, സംസ്‌കാരം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് തുഞ്ചന്‍ കലോത്സവമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. ഭാഷയാണ് സംസ്‌കാരത്തിന്റെ നിദാനം. ഭാഷാ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഇന്ത്യയുടെ പ്രത്യേകത ബഹുസ്വരതയാണെന്നും അതില്ലാതായാല്‍ രാജ്യം ഇല്ലാതാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരുപാട് സന്ദേശവും കാലിക പ്രസക്തിയുള്ള വിഷയങ്ങളും ഉള്‍പ്പെടുത്തിയുള്ള തുഞ്ചന്‍ ഉത്സവം കൂടുതല്‍ ഉണര്‍വേകിയെന്ന് ചടങ്ങിലെ അധ്യക്ഷനായ സി. മമ്മൂട്ടി എം.എല്‍.എ പറഞ്ഞു.ചടങ്ങില്‍ കൈരളി സമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരം, ഏ.കെ നായര്‍ എന്‍ഡോവ്‌മെന്റ്, സാഹിത്യ ക്വിസ് മത്സര സമ്മാനം, ദ്രുത കവിത മത്സര സമ്മാനം എന്നിവയ്ക്കുള്ള വിജയികള്‍ക്കുള്ള എം.ടി വാസുദേവന്‍ നായര്‍ സമ്മാന വിതരണം നിര്‍വഹിച്ചു. എ.വിജയരാഘവന്‍ പ്രഭാഷണം നടത്തി. ഫെബ്രുവരി ആറ് മുതല്‍ ഒമ്പത് വരെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്നു വന്ന തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് തുഞ്ചന്‍ കൃതികളുടെ പാരായണം, തുഞ്ചന്‍ സാഹിത്യോത്സവം, സ്മാരക പ്രഭാഷണം, കവി സമ്മേളനം, ദേശീയ സെമിനാര്‍, പുസ്തകോത്സവം, ദ്രുത കവിതാമത്സരം, ദേശീയ സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.