• admin

  • February 10 , 2020

തിരുവനന്തപുരം : തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലസ്ഥാനത്തിന്റെ ഭാവി സാധ്യതകളെ കൂടി കണക്കിലെടുത്തു കൊണ്ടുള്ളതുമായ വികസനമാണ് ഇവിടെ നടപ്പാക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയ്ക്കാകെ 1696 കോടിയുടെ പൊതുമരാമത്തു പ്രവൃത്തികളാണ് ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 42 കോടി രൂപ ടോക്കണ്‍ അഡ്വാന്‍സും വെച്ചിട്ടുണ്ട്. 100 കോടിയുടെ കാട്ടാക്കട ജംഗ്ഷന്‍ വികസനമാണ് ബജറ്റ് അംഗീകരിച്ച പ്രധാന പദ്ധതി. 48 പദ്ധതികള്‍ 10 കോടിയ്ക്കും 50 കോടിയ്ക്കും ഇടയിലാണ്. 969 കോടിയാണ് ആകെ പദ്ധതിച്ചെലവ്. ഈ വര്‍ഷത്തെ ബജറ്റ് വിഹിതമാണിത്. മുന്‍വര്‍ഷങ്ങളിലേതു കൂടി കണക്കിലെടുക്കുമ്പോള്‍ തുക ഇനിയും എത്രയോ ഉയരും. വിഴിഞ്ഞം തുറമുഖത്തിന് 350 കോടിയാണ് ഈ ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. മരാമത്തു പണികള്‍ക്കു പുറമെ ബജറ്റില്‍ പ്രഖ്യാപിച്ച മറ്റു പദ്ധതികളുണ്ട്. ഉദാഹരണത്തിന് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന് 21.5 കോടി രൂപ ബജറ്റിലുണ്ട്. കേരള ഓട്ടോമൊബൈല്‍സിന് 13.6 കോടി, തിരുവനന്തപുരം സ്പിന്നിംഗ് മില്ലിന് 6 കോടി, ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന് 5 കോടി എന്നിങ്ങനെ വ്യവസായമേഖലയില്‍ വകയിരുത്തലുണ്ട്. കൈത്തറി മേഖലയ്ക്ക് പ്രഖ്യാപിച്ച 153 കോടിയില്‍ പകുതിയോളം തിരുവനന്തപുരത്തിന് അവകാശപ്പെട്ടതാണ്. തീരദേശ പാക്കേജില്‍ 1000 കോടി രൂപയുണ്ട്. തിരുവനന്തപുരം ജില്ലയ്ക്ക് ഇതില്‍ അര്‍ഹമായ വിഹിതം ലഭിക്കും. വെസ്റ്റ് കോസ്റ്റ് കനാല്‍, തീരദേശ മലയോര ഹൈവേകള്‍ എന്നീ പദ്ധതികളിലും തിരുവനന്തപുരം ജില്ലയ്ക്ക് നല്ല പ്രാതിനിധ്യമുണ്ട്. കിഫ്ബിയിലൂടെ തലസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രമായി നടപ്പിലാക്കുന്നത് 96 പദ്ധതികള്‍ ആണ്. ഇതിനായി 3008.20 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ എടുത്ത് പറയേണ്ടത് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന വികസനങ്ങളാണ്. 24 റോഡുകള്‍ക്കായി 1,133.63 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അഞ്ചുപാലങ്ങള്‍ക്കായി 65 കോടി രൂപയും ഉള്ളൂര്‍, പട്ടം, ശ്രീകാര്യം ഉള്‍പ്പെടെ നാല് ഫ്‌ളൈ ഓവറുകള്‍ക്കായി 316 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാന പദ്ധതികളില്‍ ഒന്നായ മലയോര ഹൈവേ നിര്‍മാണത്തിനായി 209 കോടി രൂപയാണ് തിരുവനന്തപുരത്തിന് മാത്രം അനുവദിച്ചിട്ടുള്ളത്. കുടിവെള്ള പദ്ധതികള്‍ക്കായി 544 കോടിയും ആശുപത്രി വികസനങ്ങള്‍ക്കായി 141 കോടിയും ടെക്‌നോസിറ്റി ഐടി പാര്‍ക്കിനായി 100 കോടിയും അനുവദിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിനായി 122 കോടി രൂപയുടെ പദ്ധതി ആണ് നടപ്പിലാക്കുന്നത്. സര്‍ക്കാരിന് കീഴിലെ ഏറ്റവും പ്രധാന നേട്ടം ഐ ടി മേഖലയിലുണ്ടായ കുതിച്ചു ചാട്ടമാണ്. സര്‍ക്കാരിന്റെ മാതൃകാപരമായ ഇടപെടലുകളിലൂടെ വിദേശ നിക്ഷേപം ഉള്‍പ്പെടെ ഇന്ന് ടെക്‌നോപാര്‍ക്കിലേക്ക് ഒഴുകുകയാണ്. ജാപ്പനീസ് കമ്പനിയായ നിസാന്‍ മോട്ടോര്‍ കമ്പനിയുടെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. 800 പേര്‍ക്ക് ജോലി കൊടുത്തിട്ടുണ്ട്. ഇത് വരും വര്‍ഷങ്ങളില്‍ 1500 തൊഴിലാളികളായി ഉയരും. ഡിജിറ്റല്‍ ഹബ്ബ് ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കിയതെന്ന് നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റ് മിനോരു നൗര്‍മറൂ പറഞ്ഞിരുന്നു. ഇവരുടെ ഇലക്ട്രിക്കല്‍ വാഹനങ്ങളുടെ സിരാകേന്ദ്രം ടെക്‌നോസിറ്റിയിലെ 30 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കുന്നതിനു ധാരണയായിട്ടുണ്ട്. നിസാന് പിന്നാലെ പ്രമുഖ ഐ ടി കമ്പനികളായ എച്ച്.ആര്‍ ബ്ലോക്ക്, ടെക് മഹീന്ദ്ര, ടെറാനെറ്റ് എന്നിവയും ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എച്ച്.ആര്‍ ബ്ലോക്ക് 40,000 ചതുരശ്ര അടി ഓഫീസ് സ്‌പെയ്‌സിലായി 800 പേര്‍ക്കും ടെക് മഹീന്ദ്ര 12,000 ചതുരശ്ര അടി ഓഫീസ് സ്‌പെയ്‌സിലായി 150 പേര്‍ക്കും ടെറാനെറ്റ് 9,000 ചതുരശ്ര അടി ഓഫീസ് സ്‌പെയ്‌സിലായി 500 പേര്‍ക്കും തൊഴില്‍ നല്‍കുന്നു. കൂടാതെ ടോറസ് ഇന്‍വെസ്റ്റ്‌മെന്റിന്റെ 27ലക്ഷം ചതുരശ്രയടി ഓഫീസ് സ്‌പെയ്‌സ് 2021ഓട് കൂടി യാഥാര്‍ത്ഥ്യമാകും. 2024നു മുമ്പ് 57 ലക്ഷം ചതുര്രശയടി സമുച്ചയം പൂര്‍ത്തിയാകും. സ്‌പേസ് ആന്റ് എയ്‌റോ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ വിഎസ്എസ്സിയുടെ നാനോ സ്‌പേസ് പാര്‍ക്ക് ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. എയ്‌റോ സ്‌പേസിന് ആവശ്യമായ ഇലക്ട്രോണിക് കമ്പോണന്റുകളാണ് ഇവിടെ ഉത്പാദിപ്പിക്കുക. വിഎസ്എസ്സി അബ്ദുല്‍ കലാം നോളഡ്ജ് സെന്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. 2 ലക്ഷം ചതുരശ്രയടി കെട്ടിടത്തിനായി ബ്രിഗേഡ് എന്റര്‍പ്രൈസസ് മുന്നോട്ട് വന്നിട്ടുണ്ട്. ഫ്യുജിറ്റ്‌സു, ഹിറ്റാച്ചി നിസാനുമായി യോജിച്ച് പ്രവര്‍ത്തനമാരംഭിച്ചു. എയര്‍ബസ് കമ്പനിയുമായി കേരള സര്‍ക്കാര്‍ കരാറുണ്ടാക്കി. ഇതുപ്രകാരം ഇങ്കുബേറ്റര്‍ ആള്‍ട്ടയര്‍ എന്ന കമ്പനി ഓഗ്മെന്റഡ് റിയാലിറ്റിയില്‍ പരിശീലനം നല്‍കി തുടങ്ങി. വേ വോട്ട് കോം ആറായിരം ചതുരശ്ര അടിയില്‍ 100 പേര്‍ക്ക് ഇതിനകം ജോലി നല്‍കി. ബൈജൂസും തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു. ലാപ്‌ടോപ്പ് നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത സംരംഭമായ കൊക്കോണിക്‌സ് പ്രവര്‍ത്തനമാരംഭിച്ചു. 100 പേര്‍ക്കാണ് ഇതിലൂടെ ജോലി ലഭിച്ചത്. മാര്‍ച്ചില്‍ പൂര്‍ത്തിയാകുന്ന ടെക്‌നോസിറ്റിയുടെ രണ്ട് ലക്ഷം ചതുരശ്രയടി സ്ഥലം മുഴുവനും വിവിധ കമ്പനികള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ആയി മാറുന്ന ഐഐഐടിഎംകെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ കാമ്പസ് നിര്‍മാണവും പൂര്‍ത്തിയായി. കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ (ഐഎവി) പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ലബോറട്ടറികളിലേക്കുള്ള യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കലും ശാസ്ത്രജ്ഞരുടെ നിയമനവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പൂര്‍ത്തിയാകും. രണ്ടു ഘട്ടമായാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യഘട്ട പ്രവര്‍ത്തനമാണ് ജൂണില്‍ ആരംഭിക്കുന്നത്. ഇതിനുവേണ്ടി 25,000 ചതുരശ്ര അടിയുള്ള പ്രീഫാബ്രിക്കേഷന്‍ കെട്ടിടം സജ്ജമാണ്. സംസ്ഥാന കായികവകുപ്പിന് കീഴില്‍ ലോകനിലവാരമുള്ള ഷൂട്ടിംഗ് അക്കാദമി വട്ടിയൂര്‍ക്കാവില്‍ ആരംഭിച്ചു. ഫിറ്റ്‌നസ് സെന്ററുകള്‍ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ്പൂള്‍, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം എന്നിവിടങ്ങളില്‍ ആരംഭിച്ചു. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടിയിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ ആണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടമായ 58.37 കോടി രൂപയുടെ വികസനം ഉടന്‍ പൂര്‍ത്തിയാകുന്നതാണ്. കഴക്കൂട്ടം അടൂര്‍ സേഫ് കോറിഡോര്‍ 146 കോടിയുടെ പദ്ധതി അവസാന ഘട്ടത്തിലാണ്. ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജി, സിഎന്‍ജി തുടങ്ങിയവ തിരുവനന്തപുരത്തും വിതരണം ചെയ്യുന്നതിനായി ആനയറയില്‍ 1.78 ഏക്കര്‍ ഐഒസിക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിനു കൈമാറി കഴിഞ്ഞു. ഈഞ്ചക്കലില്‍ ബയോ ഡൈവേര്‍സിറ്റി മ്യൂസിയം ആരംഭിച്ചു. ആധുനികവത്കരണത്തിന്റെ അഭാവം മൂലം അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡ് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്കല്‍ ഓട്ടോ ആയ നീംജി ഓട്ടോ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ആരംഭിച്ചു. പൂട്ടിപ്പോയ മാമത്തെ നാളികേര ഫാക്ടറിയും ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറിയും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. നീംജി ഓട്ടോയുടെ ആദ്യ 5 വര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കി. തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപ പദ്ധതി നടപ്പിലാക്കി വരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കാണാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ടൂറിസം മേഖലയില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കി വരുന്നത്. ജില്ലയില്‍ 450ലേറെ കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ അനുമതി നല്‍കി നടപ്പിലാക്കുന്നത്. കോവളം, ശംഖുംമുഖം, വേളി, ആക്കുളം, വര്‍ക്കല, കാപ്പില്‍ പദ്ധതികള്‍ക്കായി മാത്രം 317 കോടി രൂപയാണ് അനുവദിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നത്. സര്‍ക്കാരിന്റെ ഏറ്റവും പ്രധാന പദ്ധതികളില്‍ ഒന്നാണ് കോവളം-ബേക്കല്‍ ദേശീയ ജലപാത. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം കോവളം മുതല്‍ വര്‍ക്കല വരെയുള്ള ശുചീകരണം അവസാന ഘട്ടത്തിലാണ്. ആകെ 36.5 കോടി രൂപയില്‍ 30 കിമീ ഭാഗവും ഗതാഗതത്തിനു സജ്ജമായിട്ടുണ്ട്. ദേശീയ ജലപാത യാഥാര്‍ത്ഥ്യമാകുന്നതോടെ വ്യവസായടൂറിസം മേഖലകളില്‍ ഏറെ നേട്ടമുണ്ടാക്കും. മറ്റൊരു വലിയ പദ്ധതിയായ സെമി ഹൈസ്പീഡ് റെയില്‍വേയുടെ തുടക്കം കൊച്ചുവേളിയില്‍ നിന്നാണ്. ആറ്റിങ്ങലും വര്‍ക്കലയും ഫീഡര്‍ സ്റ്റേഷന്‍ ആണ്. ഇത് യഥാര്‍ത്ഥ്യം ആകുന്നതോടെ കേരളത്തിന്റെ എല്ലാ ഭാഗത്ത് നിന്നും കുറഞ്ഞ ചെലവില്‍ വളരെ വേഗത്തില്‍ തലസ്ഥാനത്തേക്ക് എത്തിച്ചേരുവാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.