• admin

  • February 25 , 2020

ന്യൂഡല്‍ഹി :

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം ഏഴായി ഉയര്‍ന്നു. സംഘര്‍ഷത്തില്‍ നൂറിലേറേ പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്തു പേരുടെ നില അതീവ ഗുരുതമാണ്. 

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദ്, മോജ്പുര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവല്‍ നഗര്‍, കബീര്‍ നഗര്‍, ദയാല്‍പുര്‍, ഖജൂരി ഖാസ് എന്നിവിടങ്ങളിലാണ് പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടിയത്. സംഘര്‍ഷം നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷാ അടിയന്തര ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുക്കും.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പ്രതിഷേധം തുടരുന്ന പ്രദേശത്തേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചു. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ചും നടത്തും. ജഫറാബാദ്, മൗജ്പൂര്‍-ബാബര്‍പൂര്‍, ഗോകുല്‍പുരി, ജോഹ്‌രി എന്‍ക്ലേവ്, ശിവ് വിഹാര്‍ എന്നീ മെട്രോ സ്റ്റേഷനുകളും അടച്ചു. ട്രെയിനുകള്‍ വെല്‍കം മെട്രോ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

അതേസമയം സംഘര്‍ഷത്തിനിടയില്‍  പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ ചൊവ്വാഴ്ച അറസ്റ്റിലായി, കല്ലേറിലാണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരുടെ അക്രമണത്തില്‍ പരിക്കേറ്റ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച നാല് പേരുടെയും ശരീരത്തില്‍ വെടിയേറ്റതിന്റെ മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ഡല്‍ഹി സംഘര്‍ഷത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ചൊവ്വാഴ്ച രാവിലെ സുപ്രീകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ബുധനാഴ്ച കേള്‍ക്കുമെന്ന് ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ കൗളിന്റെയും കെഎം ജോസഫിന്റെയം അധ്യക്ഷതയിലുള്ള ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്.. ഡല്‍ഹി ഹൈക്കോടതിയിലും അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജിയില്‍ ഇന്നുതന്നെ വാദം കേള്‍ക്കാനാണ് സാധ്യത.