• admin

  • January 18 , 2020

ന്യൂഡല്‍ഹി : 1948 ജനുവരി 30-ന് മഹാത്മജി വെടിയേറ്റുവീണ നിമിഷങ്ങളിലെ കാഴ്ചകളില്ലാതെ 'ഗാന്ധിസ്മൃതി'യിലെ ചുമരുകള്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഡിജിറ്റൈസേഷനെ തുടര്‍ന്ന് ആ ചരിത്രദൃശ്യങ്ങള്‍ മറഞ്ഞപ്പോള്‍ വിവാദത്തിലായിരിക്കയാണ് ഡല്‍ഹി തീസ് ജനുവരി മാര്‍ഗിലെ ബിര്‍ളഹൗസ് എന്നറിയപ്പെടുന്ന 'ഗാന്ധിസ്മൃതി'. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗാന്ധിജി അവസാനനാളുകള്‍ ചെലവഴിക്കുകയും രക്തസാക്ഷിയാവുകയും ചെയ്ത ഈ സ്ഥലം പിന്നീട് മ്യൂസിയമാക്കുകയായിരുന്നു. ഗാന്ധിവധത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ഈ ശ്രമമെന്ന് ആരോപിച്ച് ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദേശമനുസരിച്ചാണ് ചിത്രങ്ങള്‍ നീക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിനുകീഴിലുള്ള ഗാന്ധിസ്മൃതിയുടെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്. അതേസമയം, തുഷാര്‍ ഗാന്ധിയുടെ ആരോപണം സാംസ്‌കാരികമന്ത്രി പ്രഹ്ലാദ്‌സിങ് പട്ടേല്‍ തള്ളി. ചിത്രങ്ങള്‍ നിറംമങ്ങിയതിനാലാണ് അവ മാറ്റിയതെന്നും ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു.