• admin

  • March 1 , 2020

അസം :

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസമിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുചരണ്‍ കോളേജിലെ ഗസ്റ്റ് ലക്ചറായ സൗരദീപ് സെന്‍ഗുപ്തയയെയാണ് വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും, സനാതന ധര്‍മത്തെ അധിക്ഷേപിക്കുകയും ഹിന്ദുസമുദായത്തെ കുറിച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ അതിക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. 

വടക്കുകിഴക്കന്‍ ഡല്‍ഹിയുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സെന്‍ഗുപ്ത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. 2002ലുണ്ടായ ഗുജറാത്ത് കലാപം തലസ്ഥാനത്ത് പുനഃരാവിഷ്‌ക്കരിക്കാനാണ് ചില വിഭാഗം ശ്രമിക്കുന്നതെന്നാണ് കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വിവാദമായതോടെ സെന്‍ഗുപ്ത പോസ്റ്റ് പിന്‍വലിക്കുകയും മതവികാരം വ്രണപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. 'എന്റെ പോസ്റ്റിലൂടെ ഏതെങ്കിലും തരത്തില്‍ മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. സാമുദായിക സംഘര്‍മുണ്ടാകാന്‍ സാധ്യതയുള്ള വിഷയത്തില്‍ നിരുത്തരവാദിത്വപരമായ ചില പരാമര്‍ശങ്ങള്‍ ഞാന്‍ നടത്തി. എന്റെ വിലയിരുത്തലില്‍ വന്നുപോയ തെറ്റാണത്. ഏതെങ്കിലും ഒരു മതവിഭാഗത്തെ മുറിപ്പെടുത്തുക എന്നുള്ളതായിരുന്നില്ല എന്റെ ലക്ഷ്യം.' വ്യാഴാഴ്ച സെന്‍ഗുപ്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ജിസി കോളേജില്‍ ഫിസിക്‌സ് അധ്യാപകനായി ജോലി ചെയ്യുകയാണ് സെന്‍ഗുപ്ത. 

അതേസമയം 40 പേരടങ്ങുന്നവിദ്യാര്‍ത്ഥികളുടെ സംഘം സെന്‍ഗുപ്തയുടെ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും ഇതിനെ കുറിച്ച് പരാതിപ്പെടാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ സെന്‍ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സെന്‍ഗുപ്തയുടെ വീട്ടുകാര്‍ ആരോപിച്ചു.