• admin

  • January 26 , 2020

ന്യൂഡല്‍ഹി :

ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തിന് വോട്ട് ചെയ്താല്‍ ഡല്‍ഹിയെ ഷഹീന്‍ ബാഗ് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താല്‍ പതിനൊന്നാം തിയതി വൈകുന്നേരത്തോടെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മലിനീകരണമുക്ത ഡല്‍ഹിയാണ് ഞങ്ങള്‍ക്കാവശ്യം. എല്ലാ വീടുകളിലും ശുദ്ധജലം, 24 മണിക്കൂറും വൈദ്യുതി, മികച്ച വിദ്യാഭ്യാസ സംവിധാനം, ചേരികളോ അനധികൃത കോളനികളോ ഉണ്ടാകില്ല, മികച്ച ഗതാഗത സൗകര്യം, ഗതാഗതക്കുരുക്കുകളില്ലാത്ത ലോകോത്തര നിലവാരമുള്ള റോഡുകള്‍, ഷഹീന്‍ ബാഗ് എന്നൊന്നുണ്ടാകില്ല... അങ്ങനെയൊരു ഡല്‍ഹിയാണ് ഞങ്ങള്‍ക്ക് വേണ്ടത്..'.. ബിജെപി സോഷ്യല്‍ മീഡിയ വോളന്റിയര്‍മാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ ഷാ പറഞ്ഞു.

ദേശീയ പൗരത്വ നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്നവരുടെ മുഖ്യ വേദിയാണ് ഷഹീന്‍ ബാഗ്. ദിവസങ്ങളായി ഇവിടെ ആയിരക്കണക്കിന് പേര്‍ സമരത്തിലാണ്. സമരത്തിന് നേതൃതം നല്‍കുന്നത് സ്ത്രീകളാണ്. 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ച അമിത് ഷാ, പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കെജ്രിവാളിന്റെ നിലപാടിനെ ലജ്ജാകരം എന്നാണ് വിമര്‍ശിച്ചത്. വാരണാസിയിലും പഞ്ചാബിലും പരാജയപ്പെട്ടത് പോലെ എഎപി ഇത്തവണ ഡല്‍ഹിയില്‍ പരാജയപ്പെടുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

അതേസമയം അമിത് ഷായുടെ ഷഹീന്‍ ബാഗ് പരാമര്‍ശത്തിനെതിരെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. ഡല്‍ഹിയിലെ ക്രമസമാധാന ചുമതല ആഭ്യന്തരമന്ത്രിക്കും കേന്ദ്രത്തിനുമാണ്. അവിടെ ക്രമസമാധനാപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉത്തരം പറയേണ്ടതും കേന്ദ്രം തന്നെയാണ്. സിസിറ്റിവികളും വൈഫൈയും നോക്കിയിരിക്കാതെ ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ എന്താണെന്നറിയാന്‍ ശ്രമക്കുകയാണ് ആഭ്യന്തരമന്ത്രി ചെയ്യേണ്ടത് എന്നായിരുന്നു സിസോദിയയുടെ വാക്കുകള്‍.