• admin

  • January 22 , 2020

വാഷിങ്ടണ്‍ : ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി. ട്രംപിനെതിരേ കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 ന് എതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. തെളിവുകള്‍ മൂടിവെക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. പ്രമേയം തള്ളിക്കളഞ്ഞതോടെ ട്രംപിനെതിരായ കുറ്റവിചാരണയില്‍ സെനറ്റില്‍ പുതിയ തെളിവുകള്‍ ഒന്നും അവതരിപ്പിക്കാന്‍ കഴിയില്ല. പുതിയ സാക്ഷികളെ വിളിച്ചുവരുത്തി വിചാരണയുമായി മുന്നോട്ടുപോകുന്നതിനും ഡെമോക്രാറ്റുകള്‍ക്ക് കഴിയില്ല. ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ് നല്‍കുന്നത്. ട്രംപിന്റെ ഡിഫന്‍സ് സെക്രട്ടറി, ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെ വിളിച്ചുവരുത്തി വിചാരണ ചെയ്യണമെന്ന ആവശ്യമായിരുന്നു ഡെമോക്രാറ്റുകള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ സെനറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ട്രംപ് തെളിവുകള്‍ മൂടിവെക്കുകയാണെന്നാണ് ഇവര്‍ വാദിക്കുന്നത്. സെനറ്റില്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിനാണ് ഭൂരിപക്ഷം. അതിനാല്‍ ഇംപീച്ച്മെന്റ് പ്രമേയം പാസാകാനിടയില്ല. അതേസമയം വിഷയം സജീവ ചര്‍ച്ചയായി നില്‍ക്കുന്ന വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. രണ്ടാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ട്രംപ് പദ്ധതിയിടുന്നത്.