• admin

  • March 1 , 2020

ഗൊരഖ്പുര്‍ :

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടയില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് തടവിലാക്കപ്പെട്ട ഡോ. കഫീല്‍ ഖാന്റെ ഭാര്യ ശബിസ്ത ഖാന്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഭര്‍ത്താവിന് സുരക്ഷ നല്‍കണം എന്നാവശ്യപ്പെട്ടാണ് കത്ത്. 

ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്ന് കത്തില്‍ ശബിസ്ത ഖാന്‍ പറയുന്നു. കഫീല്‍ ഖാനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മഥുര ജയില്‍ സന്ദര്‍ശിച്ചുവെന്നും ശബിസ്ത പറയുന്നു.

" മഥുര ജയിലില്‍ ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയി. അറസ്റ്റിലായ ശേഷം ജയിലില്‍ കൊണ്ടുവന്നപ്പോള്‍ അഞ്ചുദിവസത്തേക്ക് ഭക്ഷണം നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്ന മുറി വളരെ ചെറുതാണ്. അതില്‍ തന്നെ 100-150 പേരുണ്ട്. അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാണ്." - ശബിസ്ത ഖാന്‍ പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് കഴിഞ്ഞ മാസം മുംബൈയില്‍ നിന്നാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 14 നാണ് ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്.