• admin

  • February 17 , 2020

കണ്ണൂർ : വിഷാംശം നിറഞ്ഞ പച്ചക്കറികള്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ സ്വന്തമായി ഉല്പാദിപ്പിച്ച പച്ചക്കറികള്‍ നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്ന് മന്ത്രി കെ കെ ശൈലജ .’ജീവനി-നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നല്ല ആരോഗ്യത്തിന്റെ രഹസ്യം വൃത്തിയുള്ള ആഹാരമാണ്, അത് ഉറപ്പ് വരുത്താന്‍ നമുക്ക് കഴിയണം.  ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് താഴെത്തട്ടുകളില്‍ വേണ്ട വിധത്തില്‍ എത്തുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനമൊട്ടാകെ വിഷവിമുക്ത പച്ചക്കറി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ജീവനി പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വീടുകളിലും സ്‌കൂളുകളിലും ജൈവ പച്ചക്കറികൃഷികള്‍ ആരംഭിച്ച് ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി പച്ചക്കറി വിത്തുകള്‍, തൈകള്‍, ഗ്രോ ബാഗ് എന്നിവ കൃഷിഭവനില്‍ ലഭ്യമാക്കും. 2020 ജനുവരി 1 മുതല്‍ 2021 ഏപ്രില്‍ വിഷുദിനം വരെയുള്ള 470 ദിവസമാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ അശോകന്‍ സൗജന്യ പച്ചക്കറി തൈ വിതരണം ചെയ്തു. ചെറുവാഞ്ചേരി പകല്‍വീട് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ശ്രീലത അധ്യക്ഷയായി.