• admin

  • April 27 , 2022

മണർകാട് : ജല സംരക്ഷണവും മഴവെള്ള സംഭരണവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പ്രമുഖ ജല പരിസ്ഥിതി ശസ്ത്രജ്ഞനും മുൻ ജലവിഭവ വകുപ്പ് ഡയറക്ടർ കൂടിയായ ഡോ വി സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു. മണർകാട് ഗ്രാമപഞ്ചായത്തിന്റെയും ജൽജീവൻ മിഷൻ നിർവഹണ സഹായ ഏജൻസിയായ സി ഡി എസ് കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ജലദിനാചരണത്തിന്റെയും ജലസംരക്ഷണ ശില്പശാലയുടെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജെസ്സി ജോൺ മുഖ്യ സന്ദേശവും ജൽജീവൻ മിഷൻ നിർവഹണ ഏജൻസിയായ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കുര്യാക്കോസ് എൻ ഐ ജലസംരക്ഷണ പ്രതിജ്ഞയും നൽകി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ തോമസ് ഫിലിപ്പ് , രാജീവ് രവീന്ദ്രൻ , ഗ്രാമപഞ്ചായത്ത് അംഗം ജിജി മണർകാട് , കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ , സി ഡി എസ് ചെയർപേഴ്സൺ അംബിക തങ്കപ്പൻ , ജൽ ജീവൻ മിഷൻ ഐ എസ് എ നോഡൽ ഓഫീസർ സുധീർ എൻ എം , ടീം ലീഡർ ജെയിംസ് ഫിലിപ്പ് ആലപ്പാട്ട് , ബ്ലോക്ക് കോർഡിനേറ്റർ മാർട്ടിൻ തോമസ് എന്നിവർ പ്രസംഗിച്ചു .   തുടർന്ന് ജൽ ജീവൻ മിഷനും ജല സുരക്ഷയും എന്ന വിഷയത്തിൽ നടന്ന ജലസംരക്ഷണ ശില്പശാല ഡോ . വി . സുഭാഷ് ചന്ദ്ര ബോസ് നയിച്ചു . പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ , സി ഡി എസ് കുടുംബശ്രീ അംഗങ്ങൾ , വിവിധ ഡിപ്പാർട്മെന്റ് പ്രതിനിധികൾ തുടങ്ങി നിരവധി ആളുകൾ ജലദിനാചരണത്തിലും ശില്പശാലയിലും പങ്കെടുത്തു .   ഫോട്ടോ അടിക്കുറിപ്പ് മണർകാട് ഗ്രാമപഞ്ചായത്തിന്റെയും ജൽജീവൻ മിഷൻ നിർവഹണ സഹായ ഏജൻസിയായ സി ഡി എസ് കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ജലദിനാചരണത്തിന്റെയും ജലസംരക്ഷണ ശില്പശാലയുടെയും ഉദ്ഘാടന കർമ്മം പ്രമുഖ ജല-പരിസ്ഥിതി ശസ്ത്രജ്ഞൻ ഡോ . വി . സുഭാഷ് ചന്ദ്ര ബോസ് നിർവഹിക്കുന്നു .