• admin

  • January 13 , 2020

:

സൂര്യന്‍ ഉച്ചസ്ഥായിയിലാണ്. ചര്‍മത്തിന് കരുതല്‍ നല്‍കേണ്ട സമയവും. കരുവാളിപ്പ്, ചുളിവ് എന്നിവ തടയാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. കൂടാതെ അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് കൊണ്ടണ്ടുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതാണ്. 

പുറത്തു പോകുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് കൂടുതല്‍ ഗുണം നല്‍കും. ആദ്യം സണ്‍സ്‌ക്രീന്‍ പുരട്ടിയ ശേഷം മേക്കപ്പ് ഇടുന്നതാണ് നല്ലത്. മുഖത്ത് മാത്രമല്ല, കഴുത്തിന്റെ പിന്‍ഭാഗം, കൈകാലുകള്‍ തുടങ്ങി സൂര്യപ്രകാശം തട്ടുന്ന മറ്റ് ഭാഗങ്ങളിലും സണ്‍സ്‌ക്രീന്‍ പുരട്ടാം. തുടര്‍ച്ചയായി വെയില്‍ കൊള്ളുന്നുണ്ടെങ്കില്‍, രണ്ടു മണിക്കൂര്‍ ഇടവിട്ടെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടാം. അമിത ചൂടുള്ളപ്പോള്‍ മാത്രമല്ല, എല്ലാ കാലാവസ്ഥയിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാവുന്നതാണ്.

തിരഞ്ഞെടുക്കുമ്പോള്‍
ചര്‍മത്തിനനുസരിച്ച് സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വരണ്ട ചര്‍മമുള്ളവര്‍ ക്രീം അടങ്ങിയ സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുന്നതാവും നല്ലത്. എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ലോഷന്‍ പോലുള്ള സണ്‍സ്‌ക്രീനാണ് നല്ലത്. സണ്‍സ്‌ക്രീന്‍ വാങ്ങുന്നതിന് മുമ്പ് ബോട്ടിലിന് പുറത്ത് രേഖപ്പെടുത്തിയ ചില വിവരങ്ങളും ശ്രദ്ധിക്കാം.

ബ്രോഡ് സ്‌പെക്ട്രം: UV -A, UV ആ രശ്മികളില്‍ നിന്ന് ഉത്പന്നം സംരക്ഷണം തരുമെന്ന് ഉറപ്പാക്കാനാണിത്.

വാട്ടര്‍ റെസിസ്റ്റന്റ്: വെള്ളവുമായി സമ്പര്‍ക്കത്തിലായാലും നിശ്ചിതസമയംവരെ ഉത്പന്നം ചര്‍മത്തെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കുന്നു.

സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍(SPF): സൂര്യരശ്മികളില്‍ നിന്ന് എത്രത്തോളം സംരക്ഷണം നല്‍കുന്നെന്ന് വ്യക്തമാക്കുന്നതാണ് SPF. 15 മുതല്‍ 30 വരെ എസ്.പി.എഫ്. ഉള്ള സണ്‍സ്‌ക്രീനുകളാണ് നല്ലത്.

ആക്ടീവ് ഇന്‍ഗ്രീഡിയന്റ്‌സ്: സണ്‍സ്‌ക്രീനിലെ പദാര്‍ഥങ്ങള്‍ രാസഘടകങ്ങളാണോ ഭൗതികഘടകങ്ങളാണോയെന്ന് ശ്രദ്ധിക്കണം. രാസഘടകങ്ങള്‍ ചേര്‍ന്ന സണ്‍സ്‌ക്രീന്‍ ലോലചര്‍മങ്ങളില്‍ അസ്വസ്ഥയ്ക്കും അലര്‍ജിക്കും കാരണമായേക്കാം. ഭൗതികഘടകങ്ങള്‍ ചേര്‍ന്ന സണ്‍സ്‌ക്രീനുകളിലെ  ടൈറ്റാനിയം ഡൈയോക്‌സൈഡും സിങ്ക് ഓക്‌സൈഡും, ചര്‍മവും അള്‍ട്രാവയലറ്റ് രശ്മികളും സമ്പര്‍ക്കത്തില്‍ വരാതെ നോക്കും.